40 കഴിഞ്ഞവർക്ക് ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ നിർദേശം

Jaihind Webdesk
Saturday, June 5, 2021

തിരുവനന്തപുരം :  40 വയസിനു മുകളിലുള്ള എല്ലാപേര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും.

മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്‍റെ ഫലങ്ങള്‍ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും. ലോകമെമ്പാടും കോവിഡ് വൈറസിന്‍റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തും.

വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിക്കാവുന്നതാണ്.

സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടാൽ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനും ജില്ലാഭരണകൂടങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മാനസിക വൈകല്യമുള്ളവരെ വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. സെക്രട്ടട്ടേറിയറ്റില്‍ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ ഇനിയും വാക്സിനേഷന്‍ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.

ഈ മാസത്തോടെ കര്‍ഷകരുടെ പക്കലുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ കാലാവധി അവസാനിക്കും. കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് കാലാവധി നീട്ടാനുള്ള നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും.

ജൂണ്‍ 15 ഓടെ 85 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ജൂണ്‍ 10 ഓടെ ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകള്‍ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജന്‍ പ്ലാന്‍റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒക്ടോബറോടെ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.