ഡാം തുറന്നതോടെ പുഴയ്ക്ക് നടുവില്‍ കുടുങ്ങി ; ആദിവാസി യുവാക്കളെ സാഹസികമായി രക്ഷിച്ച് അഗ്നിശമനസേന

Jaihind Webdesk
Sunday, May 16, 2021

ഇടുക്കി അടിമാലിയിൽ പുഴയിൽ കുടുങ്ങിയ ആദിവാസികളെ അഗ്നി രക്ഷാ സേന രക്ഷിച്ചു. തലതിരിപ്പ് ആദിവാസി കുടിയിലെ താമസക്കാരായ മൂന്നു പേരാണ് പുഴയുടെ നടുവിൽ കുടുങ്ങിയത്.

ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. പാമ്പ്ല ഡാമിന്‍റെ താഴെ പുഴയിലെ പാറയിൽ കുടിൽ കെട്ടി താമസിച്ച് മീൻ പിടിക്കുകയായിരുന്നവരാണ് അപകടത്തിലായത്. ഡാം തുറന്നതിനെ തുടർന്ന് പുഴയിൽ വെള്ളം പൊങ്ങിയപ്പോള്‍ ഇവര്‍ പാറയിൽ കുടുങ്ങുകയായിരുന്നു. കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ സ്കൂബാ ടീമെത്തി അതി സാഹസികമായി പാറയിൽ കുടുങ്ങിയ ആദിവാസി യുവാക്കളെ രക്ഷിക്കുകയായിരുന്നു. അടിമാലി തലതിരിപ്പൻകുടിയിലെ ചെല്ലപ്പൻ, സതീഷൻ, ചന്ദ്രൻ എന്നീ ആദിവാസി യുവാക്കളെയാണ് രക്ഷപെടുത്തിയത്.

അഗ്നി രക്ഷാ സേനയിലെ സ്കൂബാ സംഘം പുഴയ്ക്ക് കുറുകെ വടം കെട്ടി ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ് എന്നിവ ഉപയോഗിച്ച് പാറയിൽ എത്തി യുവാക്കളെ കരയ്ക്കെത്തിക്കുകയായിരുന്നു. രാത്രിയില്‍ പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കുമുണ്ടായിരുന്ന പുഴയിൽ അതിസാഹസികമായിരുന്നു രക്ഷാപ്രവർത്തനം.