കൊവിഡ് സാമ്പത്തിക പാക്കേജില്‍ എന്തെല്ലാം? ധനമന്ത്രിയുടെ പ്രഖ്യാപനം കാത്ത് ആകാംക്ഷയോടെ രാജ്യം

Jaihind News Bureau
Wednesday, May 13, 2020

 

ന്യൂഡല്‍ഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കൊവിഡ് പ്രതിരോധ പാക്കേജിന്‍റെ വിശദാംശങ്ങൾ പ്രഖ്യാപിക്കുന്നത് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൊവിഡ് എന്ന പ്രതിസന്ധിയെ സ്വയംപര്യാപ്തത നേടാനുള്ള അവസരമായി ഉപയോഗിക്കണമെന്നാണ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ 20 ലക്ഷം കോടി രൂപയുടെ പാക്കേജും മോദി പ്രഖ്യാപിച്ചു.

രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ പത്ത് ശതമാനം വരുന്ന ‘ആത്മനിർഭർ ഭാരത് അഭിയാൻ’ എന്ന പാക്കേജിന്‍റെ വിശദാംശങ്ങൾ എന്താകുമെന്ന് കാത്തിരിക്കുകയാണ് രാജ്യം. ഇന്ത്യൻ നിർമിത ഉത്പന്നങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ത്യയിൽ വിഭവോത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യങ്ങളിലൂന്നിയായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. ഇരുപത് ലക്ഷം കോടിയുടെ പാക്കേജ് സമസ്ത മേഖലകൾക്കും ഉത്തേജനം പകരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

കർഷകർ, തൊഴിലാളികൾ, മത്സ്യതൊഴിലാളികൾ, വ്യവസായികൾ എല്ലാവർക്കും പാക്കേജ് ഗുണം ചെയ്യും. സാമ്പത്തിക വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യയിലൂന്നിയ സംവിധാനം, ശക്തമായ ജനാധിപത്യം, സമ്പദ് വ്യവസ്ഥയിലെ ആവശ്യകത എന്നീ അഞ്ച് തൂണുകളിൽ ഊന്നിയാകും പാക്കേജെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുമ്പോൾ രാജ്യത്തിന്‍റെ പ്രതീക്ഷകൾ ഏറെയാണ്. വരുമാനത്തിന്‍റെ വലിയൊരു പങ്ക് ആവശ്യപ്പെട്ടും സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടും സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.