കേരളത്തിലെ അടുത്ത സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കേന്ദ്രസര്‍ക്കാരുമായുള്ള സാമ്പത്തിക ബന്ധമായിരിക്കും: മനീഷ് തിവാരി

Jaihind News Bureau
Wednesday, October 28, 2020

തിരുവനന്തപുരം: കേരളത്തില്‍ അധികാരത്തിലെത്തുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധമായിരിക്കുമെന്ന് മുന്‍കേന്ദ്രമന്ത്രി മനീഷ് തിവാരി എം.പി. കഴിഞ്ഞ നാലര വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ഭരണത്തിന് കീഴില്‍ മുന്നില്‍ നിന്ന പല വികസന സൂചികകളിലും കേരളം പിന്തള്ളപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്‍റ് സ്റ്റഡീസ് (ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന ‘പ്രതീക്ഷ 2030’ വികസന സമ്മിറ്റിന്‍റെ ഭാഗമായി കുവൈറ്റ്, ഒമാന്‍, ബെഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ പ്രവാസികളുമായുള്ള കണ്‍സള്‍ട്ടേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ രാഷ്ട്രീയ ശൈലി, വികസന മാതൃകകള്‍, ഭരണ നിര്‍വ്വഹണ സംവിധാന ഘടന എന്നിവയെല്ലാം പ്രശംസനീയമാണ്. കേരളത്തിന്റെ വികസനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും വിദേശ രാജ്യങ്ങള്‍ക്കും മാതൃകയായിരുന്നു. പലരും ഈ വികസന മാതൃക പഠിക്കാന്‍ വേണ്ടി മാത്രം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. നിര്‍ഭാഗ്യമെന്ന് പറയട്ടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തിന് കീഴില്‍ മുന്നില്‍ നിന്ന പല വികസന സൂചികകളിലും കേരളം പിന്തള്ളപ്പെട്ടു.

രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തെ മോദി സര്‍ക്കാര്‍ എങ്ങനെ തകര്‍ക്കുന്നുവെന്നതിന്‍റെ നേര്‍ക്കാഴ്ച്ചയാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കുള്ള അര്‍ഹമായ ചരക്ക് സേവന നികുതി (ജി.എസ്.ടി) നഷ്ടപരിഹാരം നല്‍കുന്നതില്‍ വരുത്തുന്ന വീഴ്ച്ച. കഴിഞ്ഞ ആറേഴ് മാസമായി സംസ്ഥാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്നു. രണ്ടുതരത്തിലുള്ള വെല്ലുവിളികളാണിവ. ആദ്യത്തേത് കൊറോണയെന്ന മാഹാവ്യാധിയെ പ്രതിരോധിക്കുകയെന്നത്. രണ്ടാമത്തേത് സംസ്ഥാനത്തിന്‍റെ പൊതുആവശ്യങ്ങള്‍ക്കുള്ള വരുമാനം കണ്ടെത്തുകയെന്നതും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം, ഫെഡറല്‍ ബന്ധം എന്നിവയെല്ലാം ഓരോ സംസ്ഥാനത്തിന്‍റെയും വികസനകാര്യത്തില്‍ നിര്‍ണ്ണായകമാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കുള്ള അര്‍ഹമായ ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. 2017-ല്‍ ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ യു.പി.എ സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ അഞ്ചുവര്‍ഷത്തേക്ക് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്‍റെ വിശാല താത്പ്പര്യം മുന്‍നിര്‍ത്തിയായിരുന്നു ഇത്. മോദി സര്‍ക്കാര്‍ ഈ ഉറപ്പ് നല്‍കുന്നില്ലെന്ന് മാത്രമല്ല പലതരം വലയം തീര്‍ത്ത് സംസ്ഥാനങ്ങളെ വരിഞ്ഞ് മുറുക്കുകയാണ്.

കേരളവും തന്‍റെ സംസ്ഥാനമായ പഞ്ചാബും തമ്മിലുള്ള സാദൃശ്യം ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പ്രവാസി സമൂഹമാണ്. അവര്‍ തൊഴിലെടുക്കുന്ന രാജ്യങ്ങളില്‍ മാത്രമല്ല, സ്വന്തം രാജ്യത്തിന്‍റെ വികസനകാര്യത്തിലും പ്രവാസികള്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കുന്നു. കോടിക്കണക്കിന് രൂപയാണ് പ്രവാസികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് നിക്ഷേപമായി അയയ്ക്കുന്നത്. കേരളത്തിന്‍റെയും പഞ്ചാബിന്‍റെയും വികസനകാര്യത്തില്‍ പ്രവാസി നിക്ഷേപത്തിന് നിര്‍ണ്ണായക പങ്കുണ്ട്. കേരളത്തിന്‍റെ ഭാവിയെ കുറിച്ചുള്ള വികസന രൂപരേഖ തയ്യാറാക്കുമ്പോള്‍ പ്രവാസികളുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാന്‍ തയ്യാറായ ആര്‍.ജി.ഐ.ഡി.എസിനെ പ്രത്യേകം അഭിനന്ദിക്കുന്നു.

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടത് ടൂറിസം മേഖലയിലൂടെയാണ്. കേരളത്തിന്‍റെ ആയൂര്‍വ്വേദം അടക്കമുള്ള പരമ്പരാഗത ചികിത്സാരീതികളും വിഖ്യാതമാണ്. ഈ മേഖലകള്‍ക്കൊപ്പം നാനോ ടെക്‌നോളജി, ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്‌സ് എന്നീ നൂതന മേഖലകളിലും കേരളം കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം. ചൈനയില്‍ നിക്ഷേപം നടത്തിയവരൊക്കെ ബദല്‍ നിക്ഷേപ മേഖലകള്‍ അന്വേഷിക്കുകയാണ്. അവിടെയാണ് കേരളം സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത്. കേരളത്തിന് ആകര്‍ഷകമായ ഒരു നിക്ഷേപ സ്ഥലമായി മാറാന്‍ കഴിയും. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹത്തിന് ലോകത്തെ തന്നെ മികച്ച മാതൃകകള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും മനീഷ് തിവാരി അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവും ആര്‍.ജി.ഐ.ഡി.എസ് ചെയര്‍മാനുമായ രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച കണ്‍ള്‍ട്ടേഷനില്‍ മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍, ആര്‍.ജി.ഐ.ഡി.എസ് ഡയറക്ടര്‍ ബി.എസ്.ഷിജു എന്നിവരും സംസാരിച്ചു. പ്രതീക്ഷ 2030 സമ്മിറ്റിന്റെ സെക്രട്ടറി ജനറലും മുന്‍ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ മോഡറേറ്ററായിരുന്നു.