ദുബായ് : ഗ്ലോബല്‍ വില്ലേജിന്‍റെ ഇരുപത്തിയേഴാമത് അധ്യായത്തിന് കൊടിയേറി. ഇത്തവണ 27 പവലിയനുകളിലായി 3,500 ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ലധികം റസ്റ്റോറന്‍റുകളും കഫേകളും സ്ട്രീറ്റ് ഫുഡും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ അധ്യായത്തില്‍ 78 ലക്ഷം പേരാണ് ആഗോള ഗ്രാമത്തില്‍ സന്ദര്‍ശകരായി എത്തിയത്.
വിനോദ, കലാ-സാംസ്‌കാരിക പരിപാടികളുമായാണ് ദുബായ് ഗ്ലോബല്‍ വില്ലേജ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഇത്തവണ ഗ്ലോബല്‍ വില്ലേജിലെ പശ്ചാത്തല സൗകര്യം വര്‍ധിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു. ഇതോടൊപ്പം സന്ദര്‍ശക തിരക്ക് നിയന്ത്രിക്കാനായി സുരക്ഷാ നടപടികള്‍ കൂടുതല്‍ മികച്ചതാക്കി. മുന്‍ വര്‍ഷങ്ങളിലെത്തിയ സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ കൂടി സ്വരൂപിച്ചാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ മുഴുവന്‍ പവലിയനുകളിലും പ്രധാന വേദികളിലും പുതുമയോടെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യാ പവലിയന്‍റെ മേല്‍നോട്ടം ഇത്തവണ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിക്കാണ്.
സംസ്‌കാരം, ഷോപ്പിംഗ്, വിനോദം എന്നിവയ്ക്കായുള്ള മേഖലയിലെ ഏറ്റവും മികച്ച ഫാമിലി ഡെസ്റ്റിനേഷനാണിതെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. 13 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന റോഡ് ഓഫ് ഏഷ്യ എന്ന പേരില്‍ 43 കിയോസ്‌കുകള്‍ ആദ്യമായി അവതരിപ്പിക്കുകയാണെന്ന് ദുബായ് ഹോള്‍ഡിംഗ് എന്‍റര്‍ടെയ്ന്‍മെന്‍റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് ഷറഫ് പറഞ്ഞു. ഈ വര്‍ഷം 27 പവലിയനുകള്‍, 3,500 ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകള്‍, 250 ലധികം റസ്റ്റോറന്‍റുകള്‍, കഫേകള്‍, സ്ട്രീറ്റ് ഫുഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. നാല്‍പതിനായിരം കലാ-സാംസ്‌കാരിക-സംഗീത പരിപാടികളും പുതുമകളാകും. സന്ദര്‍ശകര്‍ക്കായി ബിഗ് ബലൂണ്‍ യാത്ര ഉള്‍പ്പെടെ 175 ലധികം റൈഡുകളും ഗെയിമുകളും തയാറാണ്. ഇത്തവണ ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധന വന്നിട്ടുണ്ട്.