വർഗീയ വിളവെടുപ്പ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ; വർഗീയത വിളമ്പി പാര്‍ട്ടി പത്രം : വ്യക്തമാകുന്നത് സി.പി.എമ്മിന്‍റെ ഇരട്ടമുഖം

Jaihind News Bureau
Thursday, April 2, 2020

 

രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ മുഖ്യ ഉറവിടത്തെ ചൊല്ലി വർഗീയവത്ക്കരണത്തിന് നീക്കം നടക്കുമ്പോള്‍ സി.പി.എം സ്വീകരിക്കുന്ന നിലപാട്‌ ചോദ്യം ചെയ്യപ്പെടുന്നു. മഹാവ്യാധി വ്യാപനത്തിന്‍റെ മുഖ്യ പ്രഭവകേന്ദ്രം ഡൽഹി നിസാമുദ്ദീനാണന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി പറയുമ്പോൾ മതം നോക്കി വർഗീയ വിളവെടുപ്പ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ഇക്കാര്യത്തിൽ സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നത്.

ഡൽഹി നിസാമുദ്ദീനിൽ തബ് ലീഗ് മതസമ്മേളനങ്ങളിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും കൊറൊണ ബാധിച്ചതായി സംശയം ഉണ്ടന്നാണ് ദേശാഭിമാനി റിപ്പോർട്ട്. സമ്മേളനത്തിൽ പങ്കെടുത്ത 300 വിദേശികളിൽ നിന്നായിരിക്കാം കൊവിഡ് പകർന്നത് ഇവർ വിനോദ സഞ്ചാര വിസയിൽ വന്നവരാണ്. വിസാ ചട്ടവും ലംഘിച്ചു. മത സമ്മേളനത്തിന്‍റെ മുഖ്യ സംഘാടകൻ മൗലാന സാദിന് എതിരെ ഡൽഹി പോലീസ് കേസ് എടുത്തുവെന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. മത സമ്മേളനത്തിന്‍റെ ഭാഗമായി മൂന്ന് തവണയാണ് കൂടിച്ചേരൽ ഉണ്ടായതെന്നുൾപ്പെടെ നിസാമുദ്ദീൻ പ്രഭവ കേന്ദ്രമാണെന്ന് വിശദമായി ദേശാഭിമാനി വ്യക്തമാക്കുന്നു. പാർട്ടി പത്രം വൈറസ് പ്രഭവ കേന്ദ്രമായി ഒരു പ്രത്യേക സമുദായത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ മതം നോക്കി വർഗീയ വിളവെടുപ്പിന് ആരും ശ്രമിക്കേണ്ടേന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണതേയോടെ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരണം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞുവെക്കുന്നു.

ഇവിടെയാണ് സി.പിഎമ്മിന്‍റെ ഇരട്ട മുഖം പ്രകടമാകുന്നത്. വൈറസ് ബാധയുടെ പേരിൽ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് തബ് ലീഗ് ജമാഅത്ത് മർകസ് അധികൃതർ പറയുന്നു. ഇക്കാരാത്തിൽ സംഘ് പരിവാറിന്‍റെ പ്രചരണമാണ് ദേശാഭിമാനി നടത്തുന്നത്. പാർട്ടിയുടെ മുഖപത്രമാണോ മുഖ്യമന്ത്രിയാണോ ശരിയെന്ന് സി.പി.എം വ്യക്തമാക്കേണ്ടതുണ്ട്. സമീപകാലത്ത് പാർട്ടി മുഖപത്രത്തെ മുഖ്യമന്ത്രി തള്ളിക്കളയുന്നത് ഇത് ആദ്യമല്ല. കാസർഗോഡ് വഴി കർണാടക അതിർത്തിയിലേക്ക് ആരെയും കടത്തി വിടരുതെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതായി ദേശാഭിമാനി വ്യാജ വാർത്ത നല്‍കിയിരുന്നു. എന്നാൽ സിദ്ധരാമയ്യ അങ്ങനെ പറയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.