പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഡിവിഷന് ബെഞ്ച് തള്ളുകയും കേസ് സിബിഐക്കു വിടാനുള്ള തടസങ്ങള്‍ നീങ്ങുകയും ചെയ്തതോടെ ഒന്നരവര്‍ഷത്തിനുശേഷം ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നീതി ലഭിക്കാനുള്ള വാതില്‍ തുറന്നുകിട്ടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസിലെ ഒന്നാം പ്രതിയും 14 പ്രതികളില്‍ ഭൂരിപക്ഷം പേരും സിപിഎമ്മുകാര്‍ ആയതിനാല്‍ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍ തുടക്കംമുതല്‍ പ്രകടമായിരുന്നു. പ്രതികളുടെ വാക്കുകള്‍ വേദവാക്യംപോലെ കരുതിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത് എന്നുവരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
കേസ് സിബിഐക്കുവിട്ട ഹൈക്കോടതി വിധിക്കെതിരേ ഇടതുസര്‍ക്കാര്‍ തന്നെ രംഗത്തുവന്നത് രാഷ്ട്രീയാന്ധത ബാധിക്കാത്ത എല്ലാവരെയും വേദനിപ്പിച്ചു. മോദി സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായിരുന്ന മനീന്ദര്‍ സിംഗ്, രഞ്ജിത് കുമാര്‍ എന്നിവരെ 86 ലക്ഷം രൂപ നല്‍കിയാണ് ഹൈക്കോടതിയില്‍ അണിനിരത്തിയത്. രണ്ടു ചെറുപ്പക്കാരെ നിഷ്ഠൂരമായി കൊന്നശേഷം അവര്‍ക്ക് നീതി കിട്ടുന്നതു തടയാന്‍ ചെലവഴിച്ചത് ജനങ്ങളുടെ നികുതിപ്പണമാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഒന്‍പതുമാസം മുമ്പ് വാദം പൂര്‍ത്തിയായിരുന്നു. വിധി വരാന്‍ വൈകുന്നതുകൊണ്ട് അന്വേഷണം തുടരാനാകില്ലെന്നു സിബിഐ കോടതിയെ ബോധിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും കൃപേഷിന്റെ അച്ഛന് കൃഷ്ണനും ശരത്ലാലിന്റെ അച്ഛന് സത്യനാരായണനും സ്മൃതി മണ്ഡപത്തില്‍ നിരാഹാരം ആരംഭിക്കുകയും തുടര്‍ന്ന് ഇപ്പോള്‍ കോടതിവിധി വരുകയുമാണ് ചെയ്തത്. ഒന്‍പതുമാസമാണ് സര്‍ക്കാര്‍ ഇടപെട്ട് കേസ് മരവിപ്പിച്ചു നിര്‍ത്തിയത്.
പെരിയ ഇരട്ടക്കൊലപാതകത്തിനുശേഷം ആ വീടുകള്‍ സന്ദര്‍ശിച്ചത് മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ആ കുടുംബങ്ങളില്‍ തളംകെട്ടിനിന്ന ദു:ഖം അവിടം സന്ദര്‍ശിച്ച ഓരോരുത്തരിലേക്കും അരിച്ചുകയറി. ആ ദുഖം പെരിയ കല്യോട്ട് ഗ്രാമം മാത്രമല്ല, കേരളീയ പൊതുസമൂഹവും കൂടിയാണ് ഏറ്റെടുത്തത്.
ഇനി മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ഷുഹൈബിന്റെ കേസാണ് സിബിഐ അന്വേഷണത്തിനു കാത്തിരിക്കുന്നത്. അതും സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നാലു രാഷ്ട്രീയകൊലപാതക കേസുകളാണ് ഇപ്പോള്‍ കണ്ണൂരും പരിസരങ്ങളിലുമായി സിബിഐ അന്വേഷിക്കുന്നത്. അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ്, പയ്യോളി മനോജ്, മുഹമ്മദ് ഫസല്‍ എന്നിവയാണവ. സിബിഐക്ക് രാജ്യത്ത് ഏറ്റവും ജോലിഭാരമുള്ള പ്രദേശമാണിവിടം. എല്ലാ കേസുകളിലും സിപിഎമ്മാണ് പ്രതിസ്ഥാനത്തന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.