മോദി സർക്കാർ കോർപറേറ്റുകളുടെ വിശ്വസ്ത ബ്രോക്കർ മാത്രം ; സ്വകാര്യവത്കരണം രാജ്യത്തിന്‍റെ പൊതുസ്വത്ത് നഷ്ടപ്പെടുത്തും : സോണിയാ ഗാന്ധി

 

ന്യൂഡല്‍ഹി : മോദി സർക്കാർ കോർപറേറ്റുകളുടെ വിശ്വസ്ത ബ്രോക്കർ മാത്രമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സ്വകാര്യവത്കരണം ദൂരവ്യാപകമായി രാജ്യത്തിന്‍റെ പൊതുസ്വത്ത് നഷ്ടപ്പെടുത്തും. എങ്ങനെ ജനങ്ങളെ കൊള്ളയടിക്കാമെന്നും കോർപ്പറേറ്റുകളെ എങ്ങനെ സമ്പന്നരാക്കാമെന്നുമാണ് സർക്കാർ ആലോചിക്കുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു.

പൊതുമേഖല സ്ഥാപങ്ങളുടെയും ബാങ്കിങ് സ്ഥാപനങ്ങളുടെയും സ്വകാര്യവത്കരണം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നും സോണിയാ ഗാന്ധി പറഞ്ഞു . ഇത് രാജ്യത്തിന്‍റെ പൊതുസ്വത്ത് നഷ്ടപ്പെടുത്തും. വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് ജിഎസ്ടി നടപ്പാക്കിയത്. ഇത് ചെറുകിട ഇടത്തരം സംരഭങ്ങളേയും മറ്റ് മേഖലകളെയും തകർത്തു. നോട്ട് നിരോധനം 2 ശതമാനം കുറവ് ജിഡിപിയിൽ ഉണ്ടാക്കും എന്ന് മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രി അത് ചെവിക്കൊണ്ടില്ല. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില. എന്നാൽ ഇതിന്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടുന്നില്ല.

അധിക നികുതി ചുമത്തി സർക്കാർ കുടുംബ ബജറ്റുകളെ ചൂഷണം ചെയ്യുകയാണ്. സർക്കാർ നിലകൊള്ളുന്നത് കോർപ്പറേറ്റുകൾക്ക് അനുകൂലമായാണ്. 2019 കോർപ്പറേറ്റുകൾക്ക് സർക്കാർ നികുതി ഇളവ് നൽകി. ഇത് സർക്കാർ ഖജനാവിന് 1.45 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടാക്കി. കൊവിഡ് സമയത്തും സർക്കാർ ആലോചിച്ചത് ഇന്ത്യൻ സമ്പത്ത് എങ്ങനെ മുതലാളിമാർക്ക് കൈമാറാം എന്നാണ്.

കാര്യക്ഷമതയും സർക്കാരിന്‍റെ ക്ഷേമപദ്ധതികൾക്കുള്ള ധനസമാഹരണവും പറഞ്ഞുകൊണ്ടാണ് സ്വകാര്യവത്കരണത്തെ മോദി സർക്കാർ ന്യായികരിക്കുന്നത്. ഇത് രാജ്യത്തോടുള്ള വഞ്ചനയാണ്. എൽഐസി യുടെ ഓഹരികൾ ഉൾപ്പെടെ സ്വകാര്യ കൈകളിലേക്ക് പോകുകയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഇൻഷുറൻസ് മേഖലയിൽ ഉണ്ടാക്കും. റെക്കോർഡ് തൊഴിലില്ലായ്‌മക്കാണ് മോദി സർക്കാരിന് കീഴ്ൽ രാജ്യം സാക്ഷ്യം വഹിച്ചത് എന്നും സോണിയാ ഗാന്ധി വിമർശിച്ചു.

Comments (0)
Add Comment