ദുബായ് : യു.എ.ഇയിലേക്ക് പ്രവേശിക്കുന്ന എല്ലാവര്ക്കും കൊവിഡ്-19 പി.സി.ആര് പരിശോധന നിര്‍ബന്ധമാണെന്ന് യു.എ.ഇ വ്യാഴാഴ്ച വ്യക്തമാക്കി. സ്വദേശികള്‍, പ്രവാസികള്‍, വിനോദ സഞ്ചാരികള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെല്ലാം എവിടെ നിന്ന് വരുന്നവരായാലും പി.സി.ആര് പരിശോധന നടത്തണം. എന്നാല്‍ 12 വയസിന് താഴെയുള്ളവര്‍ക്ക് ഈ പരിശോധന ആവശ്യമില്ല. അതേസമയം വിമാന യാത്ര പുറപ്പെടാന്‍ 72 മണിക്കൂര്‍ മുമ്പ് ഹാജരാക്കേണ്ട കൊവിഡ് സര്‍ട്ടിഫിക്കറ്റിന്റെ സമയകാലാവധി 96 മണിക്കൂറാക്കി നീട്ടി നല്കി.
യു.എ.ഇ ദേശീയ അടിയന്തര നിവാരണ വിഭാഗം, വിദേശ കാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയം എന്നിവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്, ബ്രിട്ടണ് തുടങ്ങി ഏത് രാജ്യത്ത് നിന്നുള്ളവരും വിമാനത്തില്‍ കയറുന്നതിന് മുമ്പ് പി.സി.ആര് നിര്‍ബന്ധമാണ്.
അതേസമയം ദുബായ് ഒഴിച്ച് മറ്റ് എമിറേറ്റുകളിലെത്തുന്നവര്ക്ക് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റി (ഐ.സി.എ) അനുമതിയാണ് വേണ്ടത്. യു.എ.ഇ നിര്‍ദേശിക്കുന്ന അംഗീകൃത ലാബറോട്ടറിയില് പരിശോധന നടത്തിയവര്‍ക്ക് മാത്രമേ ഐ.സി.എ അനുമതി ലഭിക്കുകയുള്ളൂ. നിയമം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ യു.എ.ഇയില്‍ നിന്ന് ലഭിച്ച അനുമതി വിമാന യാത്രയ്ക്ക് അവസാന നിമിഷം വരെ പരിശോധിക്കേണ്ട അവസ്ഥയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.എ വെബ്സൈറ്റ് സന്ദര്‍ശിക്കണം.
ഇതിനിടെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് താമസ വിസക്കാര്‍ക്ക് പ്രവേശിക്കാന്‍ അനുവദിച്ച സമയം തീരാന്‍ ഇനി മൂന്ന് ദിവസം മാത്രമാണുള്ളത്. ശനിയാഴ്ച (ജൂലൈ 26) യാണ് സമയപരിധി അവസാനിക്കുക. ഈ മാസം 12 ന് ആരംഭിച്ച പ്രത്യേക വിമാന സര്‍വീസില്‍ ഇതുവരെ ഒട്ടേറെ പ്രവാസികള്‍ യു.എ.ഇയിലെത്തുന്നുണ്ട്. 26ന് ശേഷം സ്ഥിതി അവലോകനം ചെയ്തായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.