കണ്ണൂർ : പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതിന് ശേഷം ഭരണരംഗത്ത് നടമാടിയ അഴിമതിയിലും ഹെലിക്കോപ്റ്റർ ധൂർത്ത് ഉൾപ്പെടെയുള്ള വിഷയത്തിലും സി.പി.എം മറുപടി പറയണമെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ കേരള ജനത മുഴുവൻ പറയാൻ ആഗ്രഹിക്കുന്ന വികാരങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണ രംഗത്ത് നടക്കുന്ന ധൂർത്തിനെതിരെ കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകരും സിപിഎം നേതാക്കളും പ്രതികരിക്കാൻ ധൈര്യം കാണിക്കാത്തതിന്‍റെ ദുര്യോഗമാണ് കേരളം അനുഭവിക്കുന്നത്. തലച്ചോറ് പിണറായിക്ക് പണയം നല്‍കി പണി എടുക്കുന്ന ഇടതുപക്ഷക്കാർക്ക് കൂടി വേണ്ടിയുള്ള അഭിപ്രായമാണ് കെ സുധാകരൻ പറഞ്ഞത്.
ചെത്തു തൊഴിലാളിയുടെ മകനായി ജീവിത പ്രാരാബ്ധങ്ങൾ ഒക്കെ അനുഭവിച്ചറിഞ്ഞ് കടന്നുവന്ന ഒരാൾ ഇങ്ങനെ അത്യാഡംബര പൂർവം പൊതുപണം ധൂർത്തടിച്ചു മുന്നോട്ട് പോകുന്നതിലെ തൊഴിലാളിവർഗ താൽപര്യം എന്താണെന്ന കെ സുധാകരന്‍റെ ചോദ്യം നെഞ്ചിൽ തറച്ചപ്പോൾ ഉത്തരമില്ലാതെ ഉഴലുകയാണ് സി.പി.എം. അനാവശ്യമായി ഹെലിക്കോപ്റ്റർ വാടകയ്ക്ക് എടുത്ത് കോടികൾ മാസ വാടക കൊടുത്ത് ഉപയോഗിക്കാതെ ദുർവ്യയം നടത്തുന്ന ഭരണകൂടത്തിന്‍റെ തലവന്‍റെ നടപടി ധൂർത്തല്ലേ എന്ന് സി.പി.എം വ്യക്തമാക്കണം. കേരളത്തിന്‍റെ പൊതുപണം160 കോടിയിലധികം രൂപ പി.ആർ വർക്കിന് വേണ്ടി ചെലവഴിച്ച കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍റെ നടപടിയെ ന്യായീകരിക്കാൻ ഒരു ഇടതുപക്ഷക്കാരനും തയാറാകുമെന്ന് തോന്നുന്നില്ല.
സംസ്ഥാന സർക്കാറിന്‍റെ തൊഴിലും നൈപുണ്യവും വകുപ്പ് ചെത്ത് തൊഴിൽ ഉൾപ്പെടെ സ്വകാര്യ മേഖലയിലെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളി ശ്രേഷ്ഠ പുരസ്കാരങ്ങൾ സംസ്ഥാന സർക്കാർ തന്നെ നല്‍കുമ്പോൾ ചെത്തുതൊഴിലാളിയുടെ മകനാണ് മുഖ്യമന്ത്രി എന്ന് പറയുന്നതിൽ എന്താണ് അഭിമാനക്ഷതം ഉണ്ടായതെന്ന് എൽ.ഡി.എഫ് കൺവീനർ മഞ്ഞക്കണ്ണട മാറ്റിപ്പിടിച്ച് പരിശോധിച്ച് പറയണം.ഒരു സാധാരണ ചെത്തുതൊഴിലാളിയുടെ മകനായി വന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി ആകാൻ സാധിച്ചു എന്നതിൽ പിണറായി വിജയന് അഭിമാനിക്കാമെന്നിരിക്കെ കോൺഗ്രസ് രാജ്യത്ത് ഉണ്ടാക്കിവെച്ച ഏറ്റവും കരുത്തുറ്റ ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും വിജയമായിട്ടാണ് കോൺഗ്രസ് പ്രവർത്തകരായ ഞങ്ങൾ ഇതിനെ കാണുന്നത്. ഏറ്റവും പ്രതിസന്ധി നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ ഉള്ളവർക്ക് പോലും ജനാധിപത്യത്തിന്‍റെ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേരാൻ കഴിയുന്ന രൂപത്തിൽ ജനാധിപത്യ വ്യവസ്ഥിതി നിലനിർത്താൻ രാജ്യത്ത് കോൺഗ്രസിന് സാധിച്ചു എന്നുള്ളത് അഭിമാനകരമായ കാര്യമാണ്.
കെ സുധാകരൻ പറഞ്ഞ പ്രസക്തമായ കാര്യങ്ങൾ കാരണം കപട കമ്യൂണിസ്റ്റുകാരനായി മാറിയ മുഖ്യമന്ത്രിയുടെ ധൂർത്തും കൊള്ളയും കേരളത്തിലെ മൂല്യബോധമുള്ള കമ്മ്യൂണിസ്റ്റുകാർ അംഗീകരിക്കാൻ സാധ്യതയില്ലെന്ന തിരിച്ചറിവിലും
മുഖ്യമന്ത്രിയുടെ ധൂർത്തും കൊള്ളയും ചർച്ച ചെയ്യപ്പെടുമെന്നുള്ള ഭയത്തിലുമാണ് സി.പി.എം അകപ്പെട്ടിരിക്കുന്നതെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.