ബംഗാളില്‍ സംപൂജ്യരായി ; ദേശീയപാർട്ടി പദവി നഷ്ടമാകുമെന്ന ആശങ്കയില്‍ സിപിഎം

Jaihind Webdesk
Saturday, May 8, 2021

 

തിരുവനന്തപുരം: ബംഗാളിലെ കനത്ത തിരിച്ചടിക്കുപിന്നാലെ സിപിഎമ്മിന് ദേശീയപാർട്ടി പദവിയും ചിഹ്നവും നഷ്ടമാകും. ബംഗാളില്‍ സംപൂജ്യരായതോടെയാണ് അംഗീകാരം നഷ്ടപ്പെടുക. ദേശീയപാർട്ടി അല്ലാതായാല്‍ ആനുകൂല്യങ്ങളും അധികാരങ്ങളും അവകാശങ്ങളും  നഷ്ടമാകും.  ‘അരിവാള്‍ ചുറ്റിക നക്ഷത്രം’  ചിഹ്നവും നഷ്ടമാകുന്നതോടെ പാർട്ടിക്ക് സംസ്ഥാനങ്ങളില്‍ സ്വതന്ത്രരുടെ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും.

അതേസമയം പതിറ്റാണ്ടുകളോളം അധികാരത്തിലിരുന്ന ബംഗാളിൽ ഇത്തവണ ഒരു സീറ്റുപോലും നേടാൻ സിപിഎമ്മിന് കഴിഞ്ഞിരുന്നില്ല. 1957 മുതലുള്ള ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷം സംസ്ഥാനത്ത് സംപൂജ്യരായത്. കനത്ത പരാജയം നിരാശ ഉണ്ടാക്കുന്നുവെന്നായിരുന്നു സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ പ്രതികരണം.

ലോക്‌സഭയില്‍ 2% സീറ്റ് , നാല് സംസ്ഥാനങ്ങളില്‍ 6% വോട്ട് കൂടാതെ 4 ലോക്സഭ സീറ്റ് , നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാർട്ടി പദവി,  നാല് സംസ്ഥാനങ്ങളില്‍ 8% വോട്ട് എന്നിവയാണ് ഇന്ത്യയില്‍ ദേശീയപാര്‍ട്ടി പദവി ലഭിക്കാനുള്ള പ്രധാന നിബന്ധനകള്‍. നിലവില്‍ ലോക്സഭയില്‍ 3 സീറ്റ് മാത്രമാണ് പാർട്ടിക്കുള്ളത്.  കേരളം, ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങളില്‍  8 ശതമാനത്തില്‍ താഴെയാണ് വോട്ട് ശതമാനം.

2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം പാർട്ടിക്ക് പദവി നഷ്ടമാകേണ്ടതായിരുന്നു. കേരളം, തമിഴ്‌നാട്, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പദവി ഉള്ളതുകൊണ്ടുമാത്രം പദവി പോകാതെ അന്ന് രക്ഷപ്പെട്ടു. കനത്ത തോല്‍വിയെ തുടർന്ന് ബംഗാളിലെ പദവി നഷ്ടപ്പെട്ടു. സിപിഐയ്ക്കും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടുന്നത് സംബന്ധിച്ച് കഴിഞ്ഞവർഷം സിപിഐയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. എന്‍സിപിക്കും ബിഎസ്പിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ദേശീയ പദവി നഷ്ടമായി.