റെയ്ഡിൽ പിടിച്ചെടുത്ത ‘നിരോധിത പുസ്തകങ്ങളുടെ’ കൂട്ടത്തിൽ സി.പി.എം ഭരണഘടനയും. മാവോ ബന്ധം ആരോപിച്ച് നടത്തിയ റെയ്ഡിനിടെ പോലീസ് പിടിച്ചെടുത്തത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭരണഘടന. യു.എ.പി.എ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് പിടിച്ചെടുത്തതെന്ന് പറഞ്ഞ് നിരത്തിയ നിരോധിത പുസ്തകങ്ങള്‍ക്കിടയിലാണ് സി.പി.എം ഭരണഘടനയും സ്ഥാനം പിടിച്ചത്. നിരോധിത പുസ്തകങ്ങളുടെ കൂട്ടത്തില്‍ സി.പി.എം ഭരണഘടന കണ്ട് ഞെട്ടിയ പ്രാദേശിക നേതാക്കള്‍ വിവരം പോലീസിനെ അറിയിച്ചു. തൊട്ടുപിന്നാലെ ഭരണഘടന കൂട്ടത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയെ സംശയത്തിന്‍റെ നിഴലില്‍ നിർത്തുന്നതാണ് സംഭവം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത് വന്‍ വിവാദമായിരിക്കുകയാണ്. റെയ്ഡ് എന്ന പേരില്‍ പിടിച്ചെടുത്തത് വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളായിരുന്നുവെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നടത്തിയ അറസ്റ്റെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടല്‍, വാളയാര്‍ സംഭവങ്ങളില്‍ പ്രതിരോധത്തിലായ ഇടത് സർക്കാർ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ തിരിക്കാന്‍ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമാണ് വിദ്യാര്‍ത്ഥികളുടെ അറസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് വിവിധ മേഖലകളില്‍ നിന്ന് ഉയരുന്നത്. ലഘുലേഖ കൈവശം വെച്ചതുകൊണ്ട് മാത്രം യു.എ.പി.എ ചുമത്തി കേസെടുക്കാനാവില്ലെന്ന് യു.എ.പി.എ സമിതി അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് പി.എ ഗോപിനാഥന്‍ വ്യക്തമാക്കി. നേരത്തെ മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടലില്‍ സർക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച സി.പി.ഐ വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെതിരെയും വിമർശനവുമായി രംഗത്തെത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവര്‍ അടക്കമുള്ളവര്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.