വിഭാഗീയത വാക്കേറ്റമായി; പൊന്നാനിയിൽ സിപിഎം ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു

മലപ്പുറം : സിപിഎം പൊന്നാനി നഗരം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ആദ്യ ബ്രാഞ്ച് സമ്മേളനം വാക്കേറ്റത്തെ തുടർന്ന് നിര്‍ത്തിവെച്ചു. നിയസഭാ തെരഞ്ഞടുപ്പിലെ വിഭാഗീയ പ്രശ്നങ്ങളാണ് കാര്യങ്ങള്‍ സംഘർഷത്തിലേക്കെത്തിച്ചത്. തുടർന്ന് ഏരിയാ നേതൃത്വം ഇടപെട്ട് സമ്മേളനം നിർത്തിവെപ്പിക്കുകയായിരുന്നു.

ബ്രാഞ്ച് സമ്മേളനത്തിന്‍റെ ചുമതലയുമായി ബന്ധപ്പെട്ട പടലപ്പിണക്കമാണ് വാക്കേറ്റത്തിലും സംഘര്‍ഷത്തിലേക്കും എത്തിയത്. പൊന്നാനി നഗരം ലോക്കൽ സെന്‍റർ അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാസെക്രട്ടറിയുമായ കെ.എ റഹീമിനായിരുന്നു മീൻതെരുവ് ബ്രാഞ്ച് സമ്മേളനത്തിന്‍റെ ചുമതല. എന്നാൽ ബ്രാഞ്ച് കമ്മിറ്റിയംഗവും പൊന്നാനി നഗരസഭാ കൗൺസിലറുമായ സൈഫുദ്ദീൻ ഉൾപ്പെടെയുള്ളവർ റഹീമിനെ സമ്മേളനത്തിൽ പങ്കെടുപ്പിക്കില്ലെന്ന് നിലപാടെടുത്തു. റഹീം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു എതിർ വിഭാഗത്തിന്‍റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് റഹീം നടത്തിയ നീക്കങ്ങളാണ് പൊന്നാനിയിൽ പ്രതിഷേധപ്രകടനം വരെ എത്തിച്ചതെന്ന് സമ്മേളനത്തിനെത്തിയ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.

റഹീമിനെതിരെ പ്രതിഷേധം ശക്തമാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തില്‍ സമ്മേളനം അവസാനിപ്പിക്കാന്‍ ഏരിയാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.  സിപിഎം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. എം.എം നാരായണൻ, പൊന്നാനി ഏരിയാ സെക്രട്ടറി അഡ്വ. പി.കെ ഖലീമുദ്ദീൻ, ലോക്കൽ സെക്രട്ടറി യു.കെ അബൂബക്കർ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം.

Comments (0)
Add Comment