പിന്നാക്ക വിഭാഗങ്ങളെ സി.പി.എമ്മും ബി.ജെ.പിയും അവഗണിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം : പട്ടിക ജാതി, പട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങളോട് സി.പി.എമ്മിനും ബി.ജെ.പിക്കും കടുത്ത അവഗണനയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിന്‍റെയും ഭാരതീയ ദളിത് കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി സാമൂഹിക നീതിയുടെ നെഞ്ചകം പിളര്‍ക്കുന്നതാണ്. കരുണയില്ലാത്തതും സാമൂഹ്യനീതിക്ക് നിരക്കാത്തതുമായ വിധികളാണ് കോടതികളില്‍ നിന്നും ഉണ്ടാകുന്നതെങ്കില്‍ അവ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സംവരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്ന സുപ്രീം കോടതി വിധി നിര്‍ഭാഗ്യവും ആപത്ക്കരവുമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെ ബാധിക്കുന്ന ഇത്തരമൊരു വിഷയം ഉണ്ടായിട്ടും അതിനോട് പ്രതികരിക്കാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി ചേര്‍ന്ന സംസ്ഥാന സമിതിയിലോ പ്രത്യേക സെക്രട്ടേറിയറ്റിലോ ഈ വിഷയം പരിഗണനയ്ക്കു പോലും വന്നില്ല എന്നതാണ് സത്യം. ഇത് ഈ വിഭാഗങ്ങളോടുള്ള സി.പി.എമ്മിന്‍റെ സമീപനത്തിന്‍റെ ഭാഗമാണ്. പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങള്‍ സി.പി.എമ്മിന് ഒരു വോട്ടുബാങ്ക് മാത്രമാണെന്ന് ഇനിയെങ്കിലും ഈ വിഭാഗങ്ങള്‍ തിരിച്ചറിയണം.

കേരള പോലീസിന്‍റെ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയതില്‍ നിന്നുതന്നെ സി.പി.എമ്മിന്‍റെ തീവ്രഹിന്ദുത്വ നിലപാട് വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഭരണഘടനയെ തകര്‍ക്കാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. വരേണ്യവര്‍ഗത്തിന്‍റെ മനസാണ് മോദിക്കും കൂട്ടര്‍ക്കും. പഴയ ജാതി വ്യവസ്ഥയിലേക്ക് മടക്കി കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോടതി വിധികള്‍ ഒരിക്കലും അവസാന വാക്കല്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പ് വരുത്താനുള്ള നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കെ.പി.സി.സി വൈസ് പ്രസിഡന്‍റുമാരായ പി.സി വിഷ്ണുനാഥ്, ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ മാത്യു കുഴല്‍ നാടന്‍, എം മുരളി, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Mullappally Ramachndran
Comments (0)
Add Comment