സിപിഐക്ക് ആദ്യ വനിതാ മന്ത്രി ഉള്‍പ്പെടെ 4 പുതുമുഖ മന്ത്രിമാര്‍

Jaihind Webdesk
Tuesday, May 18, 2021

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിലെ സിപിഐ മന്ത്രിമാരും പുതുമുഖങ്ങള്‍. പി പ്രസാദ്, കെ രാജൻ, ജെ ചിഞ്ചുറാണി, ജി.ആർ അനിൽ എന്നിവർ മന്ത്രിമാരാകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും.

ഇന്ന് ചേർന്ന സി പി ഐ സംസ്ഥാന കൗൺസിലും എക്‌സിക്യൂട്ടീവും ചേ‍ർന്നാണ് നാല് മന്ത്രിമാരേയും തിരഞ്ഞെടുത്തത്. ചേർത്തല എംഎൽഎ പി പ്രസാദ്, ഒല്ലൂർ എംഎൽഎ കെ രാജൻ, ചടയമംഗലം എംഎൽഎ ചിഞ്ചുറാണി എന്നിവർ പാര്‍ട്ടി എക്സിക്യൂട്ടീവ് അംഗങ്ങളാണ്. നെടുമങ്ങാട് എംഎൽഎ ജി.ആർ അനിൽ കൗൺസിൽ അംഗമാണ്. ആദ്യമായാണ് സിപിഐയ്ക്ക് വനിതാ മന്ത്രിയുണ്ടാകുന്നത്. മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭാകക്ഷി നേതാവാകും. കെ രാജനാവും ഡെപ്യൂട്ടി ലീഡർ. പാർട്ടി വിപ്പായി ഇ.കെ വിജയനേയും തെരഞ്ഞെടുത്തു.

ചേർത്തലയിൽ നിന്നും ജയിച്ച പി പ്രസാദും ഒല്ലൂരിൽ നിന്നും ജയിച്ച കെ രാജനും മന്ത്രിമാരാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. അവശേഷിച്ച രണ്ട് സ്ഥാനത്തെ ചൊല്ലിയാണ് സസ്പെൻസ് നിലനിന്നത്. ഇ.കെ വിജയൻ, പി.എസ് സുപാൽ എന്നിവരിൽ ഒരാൾ മന്ത്രിയാകുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇരുവരും മന്ത്രിയാകുന്നതിനെതിരെ പാർട്ടിയിൽ ശക്തമായ എതിർപ്പുയരുകയായിരുന്നു. തുടർന്നാണ് തിരുവനന്തപുരത്തിനുളള പ്രാതിനിധ്യം എന്ന നിലയ്ക്ക് ജി.ആർ അനിലിനെ പരിഗണിച്ചത്.