‘വാക്‌സിന്‍ നായകന്‍റെ സ്ഥാനത്തുനിന്ന് വാക്‌സിന്‍ യാചകന്‍റെ അവസ്ഥയിലേക്ക് രാജ്യം എത്തി’ : കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, April 21, 2021

ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിനില്‍ കേന്ദ്രത്തിന്‍റെ നയം മാറ്റത്തിനെതിരെയും  വാക്സിന്‍ ക്ഷാമത്തിലും  കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. രാജ്യം വാക്‌സിന്‍ നായകർ എന്ന നിലയില്‍ നിന്ന് വാക്‌സിന്‍ യാചകര്‍ എന്ന നിലയിലേക്ക് എത്തിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ കുറ്റപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കള്‍ ആയിരുന്നിട്ടും ഇതുവരെ വെറും 1.3 ശതമാനം ഇന്ത്യക്കാര്‍ക്കു മാത്രമാണ് കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും നല്‍കാനായത്. ഇത് എന്തുകൊണ്ടാണ് എന്നതിന് പ്രധാനമന്ത്രിക്ക് ഉത്തരമുണ്ടോ എന്ന് അജയ് മാക്കന്‍ ചോദിച്ചു.  ലോകത്തെ വലിയ മരുന്ന് നിര്‍മാതാക്കളിലൊന്നായിട്ടും എന്തുകൊണ്ടാണ് ജീവന്‍രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ കടുത്ത ദൗര്‍ലഭ്യം നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു. കൊവിഡ് രോഗികളെ പരിശോധിക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയത് വാചകമടി മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയില്‍നിന്ന് ഏവരും പ്രതീക്ഷിച്ചത് സമാശ്വാസമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ  പ്രസംഗം പതിവുപോലെ തന്നെ എല്ലാവരെയും നിരാശപ്പെടുത്തിയെന്ന് അജയ് മാക്കന്‍ പറഞ്ഞു.  ബുധനാഴ്ച നടത്തിയ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അജയ് മാക്കന്‍ കേന്ദ്ര സർക്കാരിന്‍റെ കെടുകാര്യസ്ഥതക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്.