‘കേന്ദ്രത്തെ വിമർശിക്കുന്ന രാഹുല്‍ ഗാന്ധിയോട് പക പോക്കുന്നു’; ഭരണപരാജയം മറയ്ക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന നടപടി കേന്ദ്ര സർക്കാരിന്‍റെ ഭരണപരാജയം മറയ്ക്കാനുള്ള പുകമറയെന്ന് കോൺഗ്രസ്. സർക്കാരിനെ വിമർശിക്കുന്ന രാഹുലിനോട് പക തീർക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി വ്യക്തമാക്കി.

അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ് ഇന്നും ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇഡി ഓഫീസിലെത്തി. ഇന്നലെ 13 മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ രാത്രി വൈകിയാണ് രാഹുലിനെ വിട്ടയച്ചത്. കഴിഞ്ഞ നാല് ദിവസമായി 40 മണിക്കൂറിലേറെ സമയമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്.

തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയതോടെ 2015 ല്‍ ഇഡി അന്വേഷണം അവസാനിപ്പിച്ച കേസാണ് ബിജെപി പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. അതേസമയം അകാരണമായി ചോദ്യം ചെയ്യൽ നീട്ടുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

Comments (0)
Add Comment