ഇനി മല കയറിയാല്‍ കേസ്; ബാബുവിന് ലഭിച്ച ഇളവ് ഇനി ആര്‍ക്കുമുണ്ടാവില്ലെന്ന് മന്ത്രിമാർ

Jaihind Webdesk
Monday, February 14, 2022

തിരുവനന്തപുരം: മലകയറിയതിന് ബാബുവിന് ലഭിച്ച ഇളവ് ഇനി ആർക്കും ഉണ്ടാവില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ബാബുവിന്‍റെ ചുവടുപിടിച്ച് അനധികൃതമായി മല കയറിയാല്‍ കർശന നടപടിയെന്ന് റവന്യൂ മന്ത്രി കെ രാജനും വ്യക്തമാക്കി. മലമ്പുഴ ചെറാട് മലയില്‍ പരിശോധന കർശനമാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. .

സംരക്ഷിത വനമേഖലകളിൽ ആളുകൾ പ്രവേശിക്കുന്നത് തടയാൻ പരിശോധന കർശനമാക്കും. സിവിൽ ഡിഫൻസ് വളണ്ടിയർമാരെ കൂടി ഇതിൽ പങ്കാളികളാക്കും. ഒരാഴ്ചക്കകം അവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ റിപ്പോർട്ട് നൽകും – എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പാലക്കാട് ചെറാട് മലയിൽ കഴിഞ്ഞ ദിവസം വീണ്ടും ആള്‍ കയറിയിരുന്നു. മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെയാണ് വന മേഖലയിൽ കണ്ടെത്തിയത്. ഇയാളെ രാത്രിയിൽ തന്നെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ താഴെയെത്തിച്ചു.

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഇയാൾ മല കയറിയത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. വനം വകുപ്പിന്‍റെ നൈറ്റ് പട്രോളിം​ഗ് സംഘം കസ്റ്റഡ‍ിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്ന  പശ്ചാത്തലത്തിലാണ് വനംമന്ത്രിയും റവന്യൂ മന്ത്രിയും നിലപാട് വ്യക്തമാക്കിയത്.