മന്ത്രി ജി സുധാകരനെതിരായ പരാതി പിന്‍വലിച്ചെന്ന് പൊലീസ് ; ഇല്ലെന്ന് പരാതിക്കാരി

Jaihind Webdesk
Saturday, April 17, 2021

ആലപ്പുഴ : മന്ത്രി ജി സുധാകരനെതിരായ പരാതി പിന്‍വലിക്കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ. പരാതി പിന്‍വലിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പരാതിക്കാരി നിഷേധിച്ചു. പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്നും പരാതി പിന്‍വലിക്കില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.

സുധാകരന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശം നടത്തിയെന്നുമാണ് പരാതി. മന്ത്രിയും ഭാര്യയും ചേര്‍ന്ന് തന്നെയും ഭര്‍ത്താവിനെയും തേജോവധം ചെയ്യുന്നതായും കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയതായും പരാതിയില്‍ ആരോപിച്ചു.

സി.പി.എം പുറക്കാട് ലോക്കല്‍ കമ്മിറ്റി അംഗമാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനോട് സി.പി.ഐ.എം വിശദീകരണം ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭര്‍ത്താവിനെ താന്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. കൂടാതെ ആലപ്പുഴ എസ്.ഡി കോളജില്‍ പരാതിക്കാരിക്ക് പി.ജി പ്രവേശനം ലഭിക്കുന്നത് തടയാന്‍ മന്ത്രിയുടെ കുടുംബം ശ്രമിച്ചതായും പരാതിയിലുണ്ട്.

അതേസമയം താന്‍ പേഴ്സണൽ സ്റ്റാഫിനെയോ ഭാര്യയെയോ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. വസ്തുതാ വിരുദ്ധമായ ആരോപണിത്. തനിക്കെതിരെ പല പാർട്ടികളിൽപ്പെട്ട സംഘം പ്രവർത്തിക്കുന്നുവെന്നും ജി സുധാകരൻ ആരോപിച്ചു.