കൊച്ചി : പാലിയേക്കര ടോൾ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാല് എതിർകക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി. ദേശീയപാതയുടെ നിര്‍മാണത്തിന് ചെലവായ തുകയിലും കൂടുതല്‍ ഇതിനകം തന്നെ കമ്പനി പിരിച്ചെടുത്തെന്ന് കാട്ടി നല്കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി.ജെ സനീഷ് കുമാറും സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാതാ അതോറിറ്റി, ടോള്‍ പിരിവ് നടത്തുന്ന കമ്പനി എന്നിവര്‍ക്കാണ് ഹൈക്കോടതി നോട്ടീസയച്ചത്. 2020 ജൂണ്‍ വരെ മാത്രം കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു. അതേസമയം ദേശീയപാതയുടെ നിർമാണച്ചെലവ് 721.17 കോടി രൂപ മാത്രമാണ്. നിർമ്മാണച്ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാൻ കരാര്‍ പ്രകാരം കമ്പനി ബാധ്യസ്ഥരാണെന്ന് പരാതിക്കാരൻ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
തൃശൂരിലെ കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി.ജെ സനീഷ്കുമാറും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശത്തെ തുടർന്ന് ഇത് ഹൈക്കോടതിയിലെത്തുകയായിരുന്നു. പാലിയേക്കര ടോൾ പിരിവ് ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരുടെയും ഹർജി. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോൾ പിരിവ് ആരംഭിക്കുന്നത്.