മുഖ്യമന്ത്രിയുടെ മൗനം ഭീരുത്വം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു കോക്കസ് ഉണ്ട്; തൃശൂർ പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ

 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു കോക്കസുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസഭയിലെ ഒരുന്നതൻ കോക്കസ്സിൽ നാലാമത്തെ ആളാണെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.‌‍‌ കോഴിക്കോട് പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.

ആര്‍എസ്എസ് നേതാവ് റാം മാധവും എഡിജിപി എം.ആര്‍. അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയിൽ ബിസിനസുകാര്‍ മാത്രമല്ലെന്നും സതീശൻ തുറന്നടിച്ചു.

തൃശൂര്‍ പൂരം കലക്കിയത് നിസാര കാര്യമല്ലെന്നും കാഫിർ വിവാദം പോലെ ഗൗരവമുള്ള കാര്യമാണെന്നും സതീശൻ വ്യക്തമാക്കി. വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നടക്കുന്നതുപോലെ തിരഞ്ഞെടുപ്പിന് മുമ്പ് വർഗീയ  കലാപമുണ്ടാക്കാൻ ചില വിത്തുകൾ പാകും, അതുപോലെ ഒരു വലിയ ഹൈന്ദവ വികാരമുണ്ടാക്കി ബിജെപിയെ തൃശൂരിൽ ജയിപ്പിക്കാൻ നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ പൂരം കലക്കൽ. അതുകൊണ്ട്, പൂരം കലക്കലിനെ കുറിച്ചും അതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും അതിൽ പങ്കാളികളായ ആളുകളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Comments (0)
Add Comment