കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ പരോക്ഷ സന്തോഷ പ്രകടനവുമായി മുഖ്യമന്ത്രി; ബിജെപി വിജയത്തിലെ ആഹ്ലാദമെന്ന് വിമർശനം | VIDEO

Jaihind Webdesk
Thursday, March 10, 2022

 

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ പരോക്ഷ സന്തോഷം പ്രകടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വലിയഴിക്കല്‍ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ സന്തോഷ പ്രകടനം.

സ്ഥലം എം.എല്‍.എ രമേശ് ചെന്നിത്തലയുടെ സ്വാഗത പ്രസംഗത്തിന് പിന്നാലെ ഉദ്ഘാടന പ്രസംഗത്തിലെയായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ സന്തോഷ പ്രകടനം.  ”സ്വാഗത പ്രസംഗത്തില്‍ പാലം യാഥാര്‍ത്ഥ്യമായതില്‍ ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പക്ഷേ എന്‍റെ കണക്കുകൂട്ടലില്‍ അദ്ദേഹത്തിന് ഇന്ന് ഒരു ദുര്‍ദിനമാണ്. അത് വേറൊരു കാര്യമാണ്. ഇവിടെ പറയുന്നില്ല” – മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെ പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസമെന്ന് അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന ആര്‍ക്കും വ്യക്തം. കോണ്‍ഗ്രസിന്‍റെ തകർച്ചയില്‍ മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നുവെന്നത് രാജ്യത്തിന്‍റെ മതേതരത്വത്തിനുള്ള അപായ സൂചനയായി കാണണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പ്രതികരിച്ചു. കോണ്‍ഗ്രസ് മുക്തഭാരതമാണ് ബിജെപിയുടെയും സിപിഎമ്മിന്‍റെയും ലക്ഷ്യം. അതിലേക്ക് എത്താന്‍ കേരളത്തില്‍ ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സന്തോഷം പ്രകടമായതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഒരു വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ പരിഹാസം നടത്തിയത് ശരിയായില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. അന്ധമായ കോണ്‍ഗ്രസ് വിരുദ്ധത നിറഞ്ഞ മുഖ്യമന്ത്രിയുടെ സംഘി മനസില്‍ നിന്നും ബിജെപി വിജയത്തില്‍ അറിയാതെ ഉണ്ടായ സന്തോഷമാണ് പരിഹാസ രൂപേണ പുറത്തുവന്നതെന്നത് അടക്കമുള്ള പ്രതികരണങ്ങളും പലരും പങ്കുവെക്കുന്നു.

 

https://www.facebook.com/JaihindNewsChannel/videos/337815061635942