ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പണിതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം പൊള്ളയാണെന്ന് വയനാട് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ സനലിന്റെ ആത്മഹത്യ തെളിയിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രണ്ടു ലക്ഷം വീടുകളും അതിലേറേ പുഞ്ചിരികളും എന്നത് പരസ്യവാചകം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ നിലവിളികളാണ് കേരളത്തില്‍ പലയിടത്തും ഉയരുന്നത്.
പ്രളയദുരിതബാധിതര്‍ക്കുള്ള അടിയന്തര സഹായമായ പതിനായിരം രുപപോലും സനലിന് ഇതുവരെ ലഭിച്ചിട്ടില്ല. തകര്‍ന്നപോയ വീട്ടില്‍ താമസിക്കാനാവാതെ തകരഷെഡ്ഡിലേക്കു രണ്ടു പെണ്മക്കളുള്ള കുടുംബം താമസം മാറ്റി. ലൈഫ് മിഷന് ഈ പരിസരത്തുപോലും എത്തിയില്ല. ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ ഒരു തദ്ദേശ സ്ഥാപനത്തില്‍ 200 വീടുകള്‍ എങ്കിലും ഉണ്ടാകണം. ഒരു തദ്ദേശസ്ഥാപനത്തിലും ഇത്രയധികം വീടുകള്‍ നിര്‍മിച്ചതായി അറിയില്ലെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
കോടിക്കണക്കിനു രുപ ചെലവിട്ട് നടത്തിയ ഒരു പരസ്യപ്രചാരണ മാമാങ്കമായിരുന്നു ലൈഫ് മിഷന് പരിപാടിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.