മുഖ്യന്റെ ഹെലികോപ്റ്ററിനെന്ത് സാമ്പത്തിക പ്രതിസന്ധി; വാടകയായി 3.20 കോടി അനുവദിച്ചു; മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും അതില്‍ ഒരു ആശങ്കയുമില്ലാത്ത ഒരാളേ ഉള്ളൂ കേരളത്തില്‍. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ സ്വകാര്യ കമ്പനിക്ക് 3.20 കോടി രൂപ അനുവദിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഓണത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം നിലനില്‍ക്കുമ്പോഴാണ് ഈ പണം അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.

5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ മാത്രമാണ് നിയന്ത്രണം കാരണം ട്രഷറിയില്‍ നടക്കുന്നത്. ഇതില്‍ ഇളവ് വരുത്തിയാണ് 3.20 കോടി അനുവദിച്ചത്. അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. അതിനാല്‍ ഹെലികോപ്റ്റര്‍ ഉടമകളായ ചിപ്സണ്‍ ഏവിയേഷന് ഉടന്‍ പണം ലഭിക്കും. ജൂണ്‍ മാസത്തിലും വാടകയിനത്തില്‍ കോടികള്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. അന്ന് 2.4 കോടി രൂപയാണ് അനുവദിച്ചത്. ജൂണ്‍ 20 മുതല്‍ ഒക്ടോബര്‍ 19 വരെയുള്ള 4 മാസത്തെ ഹെലികോപ്റ്റര്‍ വാടകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

പോലീസാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. അതിനാല്‍ നാല് മാസത്തെ വാടക ആവശ്യപ്പെട്ട് ജൂണ്‍ 20 ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പണം നല്‍കാന്‍ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുക ആയിരുന്നു. ഇത് അംഗീകരിച്ചാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. ധൂര്‍ത്താണെന്ന പ്രതിപക്ഷ വിമര്‍ശനങ്ങളൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ കരാറുമായി മുന്നോട്ടു പോകുന്നത്.

Comments (0)
Add Comment