മുഖ്യന്റെ ഗണ്‍മാന്‍മാര്‍ ശുദ്ധര്‍; നവകേരള യാത്രയ്ക്കിടെ കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഗണ്‍മാന്‍മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട്. കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക മാത്രമാണ് ഈ ഉദ്യോഗസ്ഥര്‍ ചെയ്തത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണ് നടത്തിയത്. കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ തക്കവിധമുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ഗണ്‍മാന്‍മാരുടെ ഭാഗത്തുനിന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. സന്ദീപും അനില്‍ കുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിര്‍വഹണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു മുന്നില്‍ പ്രതിഷേധിച്ചതിനാണ് യൂത്ത് കോണ്‍ഗസ്-കെഎസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം ഏറ്റത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ സേനാംഗം സന്ദീപ്, സുരക്ഷാ സേനയിലെ മറ്റു മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ക്രൂരമായി മര്‍ദിച്ചത്.

Comments (0)
Add Comment