തുറമുഖ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി; പിന്നോട്ടില്ലെന്ന് വിഴിഞ്ഞം സമരസമിതി

Jaihind Webdesk
Wednesday, August 31, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം അവസാനിപ്പിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് സമരസമിതി. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും സമരസമിതി തള്ളി.

വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പതിനാറാം ദിവസമായ ഇന്ന് അയിരൂർ, വലിയോട്, മൂങ്ങോട്, ആറ്റിങ്ങൽ, മാമ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള തീരദേശ വാസികളാണ് സമരത്തിനെത്തിയത്. മുൻ ദിവസങ്ങളിലെ പോലെ തന്നെ ഇന്നും സമരം ശക്തമായി മുന്നോട്ട് പോകുകയാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കില്ലെന്നും തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും സമരസമിതി തള്ളി. മുഖ്യമന്ത്രി തീരദേശ വാസികളെ പുഛിക്കുകയാണെന്നും സമരം കൂടുതൽശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നും സമരസമിതി പറഞ്ഞു.

മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസ്താവന സ്വീകാര്യമല്ലെന്നും സമരം ഇതേരീതിയിൽ തുടരുമെന്നും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ എ പെരേര വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒഴുക്കൻ മട്ടാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കള്ളം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നുവെന്നും പദ്ധതി നിർത്തിവച്ച് മൽസ്യ തൊഴിലാളികളെ ഉൾപ്പെടുത്തി പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.