മുഖ്യമന്ത്രി പോയിന്‍റ് ഓഫ് കോണ്‍ടാക്റ്റായി ചുമതലപ്പെടുത്തി; എം.ശിവശങ്കറിന്‍റെ മൊഴി പുറത്ത്

Jaihind News Bureau
Sunday, October 18, 2020

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴി പുറത്ത്. 2016 മുതല്‍ സംസ്ഥാന സര്‍ക്കാരും യു എ ഇ കോണ്‍സുലേറ്റും തമ്മിലുളള പോയിന്‍റ് ഒഫ് കോണ്‍ടാക്‌ട് താനായിരുന്നുവെന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. മൊഴിപകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

യു എ ഇ കോൺസുലേറ്റുമായുള്ള പോയിൻ്റ് ഓഫ് കോൺടാക്ട് ആയി സർക്കാർ തന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സ്വപ്നക്കൊപ്പം മൂന്ന് തവണ താൻ വിദേശ യാത്ര നടത്തിയിട്ടുണ്ട്. റീബില്‍ഡ് കേരളയുടെ ചുമതലയും ഉണ്ടായിരുന്നു. റെഡ് ക്രസന്‍റുമായി ഒരു തവണ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്നും ശിവശങ്കര്‍ ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

എന്നാല്‍ 2017ല്‍ സ്വപ്നയ്ക്കൊപ്പം മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ വച്ച്‌ കണ്ടതായി ഓര്‍ക്കുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. നേരത്തേ സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ ശിവശങ്കറിനൊപ്പം താൻ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയിരുന്നെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലും അല്ലാതെയും പലതവണ കണ്ടുമുട്ടിയെന്ന് സ്വപ്നയുടെ മൊഴിയോട് പ്രതികരിക്കാന്‍ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ തയ്യാറായില്ല എന്നാണ് വിവരം.

കളളക്കടത്ത് സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന ആവശ്യവുമായി സ്വപ്ന പലവട്ടം വന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഒരു സഹായവും നല്‍കിയില്ലെന്നും മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണമാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് സ്വപ്ന ഒരുഘട്ടത്തിലും പറഞ്ഞിരുന്നില്ലെന്നും ശിവശങ്കര്‍ പറയുന്നുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അടക്കം നയതന്ത്ര ബാഗേജ് വഴി എത്തിക്കാറുണ്ടെന്നും അവ വില്‍പ്പന നടത്താറുണ്ടെന്നുമാണ് സ്വപ്ന മൊഴി നല്‍കിയത്.

സ്വര്‍ണക്കടത്തുകേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ശിവശങ്കറിന്‍റെ മൊഴിയുളളത്.