സ്പ്രിങ്ക്ളര്‍ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രി; നാളെ മുതല്‍ പതിവ് വാർത്താസമ്മേളനവും ഇല്ല

Jaihind News Bureau
Thursday, April 16, 2020

 

തിരുവനന്തപുരം: വിവാദമായ സ്പ്രിങ്ക്ളർ ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡുമായി ബന്ധപ്പെട്ട് നടത്തുന്ന വൈകിട്ടത്തെ പതിവ് വാര്‍ത്താസമ്മേളത്തിനിടെ സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് നാളെ മുതല്‍ പതിവ് വാര്‍ത്താസമ്മേളനം ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഡാറ്റാ വില്‍പനയ്ക്ക് അമേരിക്കയില്‍ അന്വേഷണം നേരിടുന്ന കമ്പനിയുമായുള്ള കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നിലാണ് മുഖ്യമന്ത്രിക്ക് അടിതെറ്റിയത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടേതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്പ്രിങ്ക്ളറിന് കൈമാറ്റം ചെയ്യുന്ന കരാറിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്. തെളിവുകള്‍ സഹിതം പ്രതിപക്ഷ നേതാവ് ഉയർത്തിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല.

സ്പ്രിങ്ക്ളര്‍ ഡാറ്റാ കൈമാറ്റ കരാറിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ആരോപിച്ചിരുന്നു. 700 കോടി വരെ രൂപ വരെ വിലയുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ സ്പ്രിങ്ക്ളറിന് കൈമാറിയതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ ഉയർന്നപ്പോള്‍ ഐ.ടി വകുപ്പ് മേധാവിയോട് ചോദിക്കാനായിരുന്നു ഐ.ടി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞത്. അന്താരാഷ്ട്ര കരാറിന് വേണ്ട നിയമനടപടികളൊന്നും പാലിക്കാതെയാണ് അമേരിക്കയില്‍ അന്വേഷണം നേരിടുന്ന ഒരു കമ്പനിയുമായി കരാര്‍ ‍ഒപ്പിട്ടതെന്ന ഗുരുതര ക്രമക്കേടും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലാതായപ്പോഴാണ് പതിവ് വാര്‍ത്താസമ്മേളനവും നിർത്തലാക്കാന്‍ തീരുമാനിച്ചതെന്നാണ് ഉയരുന്ന ആരോപണം.