‘അവാർഡിന്‍റെ ശോഭ കെടുത്തി’; രഞ്ജിത്തിനെതിരെ എഐവൈഎഫ്: വിനയന്‍റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് എഐവൈഎഫ്. സംവിധായകന്‍ വിനയന്‍ നല്‍കിയ പരാതിയിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം രഞ്ജിത്തിന് പിന്തുണയുമായി ചലച്ചിത്ര അക്കാദമി രംഗത്തെത്തി.

കഴിഞ്ഞദിവസം രഞ്ജിത്തിനെതിരെ വിനയനും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം ചലച്ചിത്ര അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി ചലച്ചിത്ര അക്കാദമി രംഗത്തെത്തി. മന്ത്രി സജി ചെറിയാന് നൽകിയ വിശദീകരണത്തിലാണ് അക്കാദമി ആരോപണങ്ങൾ നിഷേധിച്ചത്.

ഇതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ എഐവൈഎഫ് രംഗത്തെത്തിയത്. അക്കാദമി ചെയർമാന്‍റെ ഇടപെടൽ അവാർഡിന്‍റെ ശോഭ കെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ എഐവൈഎഫ് പറയുന്നു. കൂടാതെ രഞ്ജിത്തിനെതിരെ അക്കാദമിക്ക് പുറത്തുള്ളവർ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. വിനയനെ പിന്തുണച്ച് നേരത്തെ എഐവൈഎഫ് രംഗത്ത് എത്തിയിട്ടുണ്ടായിരുന്നു.

അതേസമയം രഞ്ജിത്തിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ വിനയൻ. കഴിഞ്ഞദിവസം ജൂറി അംഗങ്ങളുടെ ഓഡിയോ സന്ദേശങ്ങൾ അടക്കമാണ് വിനയന്‍ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് പുരസ്കാരങ്ങൾ ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത് ശ്രമിച്ചു എന്ന ​ഗുരുതരമായ ആരോപണമാണ് വിനയൻ ഉന്നയിച്ചത്.

Comments (0)
Add Comment