ഭരണത്തിന്‍റെ വിലയിരുത്തലാകണം തൃക്കാക്കര എന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Sunday, May 29, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകണം എന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതികള്‍ നടത്താനോ ജീവനക്കാർക്ക് ശമ്പളം നല്‍കാനോ പോലും പണമില്ലാത്ത അവസ്ഥയില്‍ കേരളത്തെ കൊണ്ടെത്തിച്ചു എന്നതാണ് ആറ് വർഷത്തെ പിണറായി ഭരണത്തിന്‍റെ ‘നേട്ട’മെന്നും അദ്ദേഹം പറഞ്ഞു. ദുർഭരണത്തിന്‍റെ കെടുതിക്ക് എതിരെയുള്ള പ്രതികരണം ആകണം ഓരോ വോട്ടും. ഉമ ജയിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണ്. ഇതിനുള്ള അവസരം കിട്ടിയിരിക്കുന്നത് തൃക്കാക്കരക്കാർക്കാണ്.  ഉമാ തോമസിന് ഉണ്ടാകേണ്ടത് വെറുമൊരു വിജയമല്ല. മറിച്ച് നാം അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെയുള്ള വിജയമാകണം. അതിന് അര ലക്ഷത്തിന് അടുത്തുള്ള ഭൂരിപക്ഷമാണ് നിങ്ങൾ നൽകേണ്ടത്. ഇതാണ് തൃക്കാക്കരയിലെ വോട്ടർമാരോടുള്ള താഴ്മയായ അഭ്യർത്ഥനയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

ഭരണത്തിന്‍റെ വിലയിരുത്തലാകണം തൃക്കാക്കര എന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല..
ഉമ തോമസിന് നൽകേണ്ടത് ആധികാരികമായ വിജയം .
ജീവനക്കാർക്ക് ശമ്പളം നൽകാനോ, പദ്ധതികൾ നടത്താനോ പണമില്ലാതെ നട്ടം തിരിയുന്ന അവസ്ഥയിൽ കേരളത്തെ എത്തിച്ചു എന്നതാണ് 6 കൊല്ലത്തെ പിണറായി ഭരണം കൊണ്ട് ഉണ്ടായ നേട്ടം..
പാർട്ടി സഖാക്കളുടെ കേസ് നടത്തിപ്പുകൾക്കുള്ള വക്കീൽ ഫീസിനും, പണിയില്ലാത്ത പാർട്ടി സഖാക്കൾക്ക് ലക്ഷങ്ങളുടെ ശമ്പള തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങൾ നടത്തി പൊതു ഖജനാവ് കൊള്ളയടിക്കുന്ന ഇടത് ഭരണം, വാർഷിക ആഘോഷങ്ങൾക്കായി 100 കോടി രൂപയാണ് ചിലവാക്കുന്നത്.
പെട്രോൾ വില വർധനവിൻ്റെ മറവിൽ ജനങ്ങളുടെ ചുമലിൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കുന്ന മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞ മട്ട് കാണിക്കാതെ കണ്ണടച്ച് കുടിക്കുന്ന പാല് ജനങ്ങളുടെ കണ്ണീരാണെന്നത് മറക്കേണ്ട.
സംസ്ഥാന സർക്കാർ വിചാരിച്ചാൽ പാചകവാതകത്തിന്റെയും , പെട്രോളിന്റെയും വിലയിൽ മാന്യമായ ഇളവ് അനുവദിക്കാനാകും.
എക്കാലത്തും വികസന വിരുദ്ധ സമരം നയിച്ചവർ സംസ്ഥാനത്തെ എത്ര ട്രാൻസ്പോർട്ട് ബസ്സുകളും, സർക്കാർ വാഹനങ്ങളും തകർത്തിട്ടുണ്ടെന്ന് ഓർക്കണം. ആ സമരങ്ങൾ എല്ലാം തന്നെയാകട്ടെ സംസ്ഥാനത്ത് വികസന പരിപാടികൾ പാടില്ലെന്നും നടത്തിക്കില്ലെന്നും പറഞ്ഞ് നടത്തിയിട്ടുള്ളതാണ്.
ഉമാ തോമസ് തൃക്കാക്കരക്കാരിയാണ്. തികഞ്ഞ മതനിരപേക്ഷതയാണ് അവരുടെ രക്തം. ജനങ്ങൾക്ക് നന്നായി നേരിട്ടറിയാവുന്ന പൊതുപ്രവർത്തക കൂടിയാണ്..
ഉമ ജയിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണ്. ജനങ്ങളുടെ ഈ ആവശ്യത്തിനുള്ള അവസരം കിട്ടിയിരിക്കുന്നത് തൃക്കാക്കരക്കാർക്കാണ്. അതു കൊണ്ട് തന്നെ ദുർഭരണത്തിൻ്റെ കെടുതിക്ക് എതിരെയുള്ള പ്രതികരണം ആകണം ഓരോ വോട്ടും.
ഉമാ തോമസിന് ഉണ്ടാകേണ്ടത് വെറുമൊരു വിജയമല്ല. മറിച്ച് നാം അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെയുള്ള വിജയമാകണം. അതിന് അര ലക്ഷത്തിന് അടുത്തുള്ള ഭൂരിപക്ഷമാണ് നിങ്ങൾ നൽകേണ്ടത്. ഇതാണ് തൃക്കാക്കരയിലെ വോട്ടർമാരോടുള്ള എൻ്റെ താഴ്മയായ അഭ്യർത്ഥന..
#നന്മതുടരട്ടെ
#ThrikkakkaraForUDF | #VoteForUDF
#Vote4UmaThomas | #തൃക്കാക്കര_യുഡിഎഫിനൊപ്പം |