ടിപി വധക്കേസ് പ്രതികള്‍ക്ക് ഉള്‍പ്പെടെ ചട്ടവിരുദ്ധമായി പരോള്‍ ; സഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടി ഇല്ല

Jaihind Webdesk
Tuesday, June 29, 2021

തിരുവനന്തപുരം : ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. വടകര എംഎല്‍എ കെ.കെ രമ നിയമസഭയില്‍ ഉന്നയിച്ചചോദ്യത്തിന് ഒരുമാസം കഴിഞ്ഞിട്ടും മറുപടി നല്‍കിയില്ല. സ്വര്‍ണ്ണക്കളളക്കടത്തില്‍ കൊടി സുനി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് ചര്‍ച്ചയാകുന്നതിനിടെ മുഖ്യമന്ത്രിയുടെ നടപടി കൂടുതല്‍ ദുരൂഹമാവുകയാണ്.

ടി.പി വധക്കേസ് പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ അനുവദിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ഈ മാസം 7ന് കെ.കെ രമ സഭയില്‍ ചോദിച്ചത്. ഈ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. പ്രസ്തുത കേസിലെ ശിക്ഷാ കാലാവധി, ഇതുവരെ അനുവദിച്ചിട്ടുള്ള പരോള്‍ കാലാവധി എന്നീ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് മറുപടിയില്ല. തടവില്‍ കഴിയുമ്പോഴും കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലുള്‍പ്പെടെ ടി.പി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഇടപെട്ടെന്ന വാർത്തകള്‍ പുറത്തുവരുന്നതിനിടെയാണ് സഭയിലെ മുഖ്യമന്ത്രിയുടെ മൗനവും ചര്‍ച്ചയാകുന്നത്‌.