കസേര നല്‍കിയത് പ്രോട്ടോക്കോള്‍ പാലിക്കാതെ; സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാഹുലിനോടു അനാദരവ്

 

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരമെന്ന് ആക്ഷേപം. ചടങ്ങില്‍ പ്രതിപക്ഷനേതാവിന് കസേര നല്‍കിയത് പ്രോട്ടോക്കോള്‍ പാലിക്കാതെ. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ് നൽകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നത്. ഒളിമ്പിക്സ് കായിക താരങ്ങൾക്ക് ഇരിപ്പിടം ഒരുക്കാനായാണ് അങ്ങനെ ക്രമീകരിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ലോക്സഭ പ്രതിപക്ഷ നേതാവിനെ പ്രോട്ടോകോൾ പ്രകാരം ആദ്യ നിരയിലാണ് ഇരിക്കേണ്ടത്.

അതേസമയം ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നൂറിലേറെ സീറ്റ് ലഭിച്ചതോടെയാണ് പത്ത് വര്‍ഷം കാലിയായിരുന്ന പ്രതിപക്ഷനേതാവ് പദവിക്ക് അവകാശിയായത്. 52 സീറ്റില്‍നിന്നാണ് കോണ്‍ഗ്രസ് നൂറിലേക്ക് കുതിച്ചത്. ജൂണ്‍ 25-നാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവായി ചുമതലയേറ്റത്.

കുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെങ്കോട്ടയിലെ തന്‍റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്. മലയാളി ഹോക്കി താരം പി.ആര്‍. ശ്രീജേഷ്, മനു ഭാക്കര്‍, സരബ്ജോദ് സിങ് തുടങ്ങിയ ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പമായിരുന്നു രാഹുലിന്‍റെ ഇരിപ്പിടം.

 

 

Comments (0)
Add Comment