ശബരിമലയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കണം : കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind News Bureau
Friday, November 29, 2019

ശബരിമലയുടെ സമഗ്ര വികസനത്തിനും ഭക്തജനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായവും വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് മുന്നിലുള്ള വികസന പദ്ധതികള്‍ക്ക് എത്രയും പെട്ടെന്ന് അനുമതി നല്‍കുകയും വേണമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

ശബരിമല വികസനത്തിനായി കേരള സര്‍ക്കാര്‍ കേന്ദ്ര ടൂറിസം വകുപ്പിന്‍റെ തീര്‍ത്ഥാടനകേന്ദ്ര ടൂറിസം വികസന പദ്ധതിയില്‍ 100 കോടി രൂപ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ഈ ആവശ്യത്തിന് മേല്‍ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കുമെന്ന കേന്ദ്ര വാഗ്ദാനം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലകാലത്ത് ക്രമാനുഗതമായി വര്‍ധിച്ചുവരുന്ന ഭക്തജനങ്ങള്‍ക്ക് വിരിവെക്കാനും ശുചിമുറികള്‍, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സഹായകമാകുന്ന പദ്ധതികള്‍ക്ക് ഉടന്‍ ഫണ്ട് അനുവദിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ശബരിമലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പില്‍ നിന്നും 500 ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടുന്നതിനായി ആവശ്യപ്പെട്ടപ്പോഴും അനുകൂല നടപടിയോ അനുമതിയോ നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയത്തിന്‍റെ വികസന പദ്ധതികളില്‍ അലംഭാവം കാണിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. ശബരിമലയിലേക്കുള്ള യാത്രാ സൗകര്യത്തിനും കൂടുതല്‍ പേര്‍ക്ക് ആയാസരഹിതമായ തീര്‍ത്ഥാടനത്തിനുമായി ആവിഷ്കരിച്ച ശബരി റെയില്‍ പദ്ധതി 10 വര്‍ഷങ്ങള്‍ക്ക് ശേഷവും എങ്ങുമെത്താതെ സ്തംഭനാവസ്ഥയിലാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്കും ഒപ്പം തന്നെ മധ്യതിരുവിതാംകൂറിന്‍റെ സമഗ്ര വികസനത്തിനും ആരോഗ്യമേഖലയിലെ മുന്നേറ്റത്തിനുമായി കേരളത്തിന് അനുവദനീയമായ എയിംസ് ശബരിമല ഉള്‍പ്പെടുന്ന മധ്യതിരുവിതാംകൂറില്‍ തന്നെ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശുചിമുറികള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തത കാരണവും പമ്പാനദിയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്നത് കാരണവും വന്‍തോതില്‍ മലിനീകരണം സംഭവിക്കുകയും അതിനാല്‍ തന്നെ പമ്പാനദിയിലെ ജലശുദ്ധീകരണത്തിനും ജലവിതരണത്തിനും പമ്പിംഗിനും വേണ്ട സൗകര്യങ്ങള്‍ ഉള്‍പ്പെടെ വികസിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര സഹായം ഉടനടി ഈ പദ്ധതികള്‍ക്കായി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

ശബരിമലയിലേക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി എരുമേലിയില്‍ ഒരു വിമാനത്താവളം അനുവദിക്കണമെന്നും, ഇത് രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തര്‍ക്ക് ശബരിമലയിലെത്താന്‍ കൂടുതല്‍ സൗകര്യം ലഭ്യമാക്കുമെന്നും അതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.