പ്രീപെയ്ഡ് മൊബൈല്‍ നിരക്കുകളുടെ വര്‍ധനവ് കോര്‍പറേറ്റുകളോടുള്ള മോദി സര്‍ക്കാരിന്‍റെ തലോടല്‍ : കൊടിക്കുന്നില്‍ സുരേഷ് എം.പി

രാജ്യത്ത് പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ത്തിയ മൊബൈല്‍ സേവന ദാതാക്കളുടെ നടപടി അങ്ങേയറ്റം ജനദ്രോഹപരമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്സഭയില്‍ ശൂന്യവേളയില്‍ പ്രസ്താവിച്ചു.
പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവയുടെ കാള്‍ നിരക്കുകള്‍ 40 ശതമാനത്തോളമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാതെയും ഈ നടപടി ചോദ്യം ചെയ്യാതെയും നിലകൊള്ളുന്ന ബി.ജെ.പി സര്‍ക്കാരിന്‍റെ കുറ്റകരമായ മൗനം, മോദി സര്‍ക്കാരിന്‍റെ കോര്‍പറേറ്റ് അനുകൂല, ജനവിരുദ്ധ രാഷ്ട്ര കുത്തകള്‍ക്ക് സ്തുതി പാടുന്ന നയങ്ങളെയാണ് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങള്‍ വിലക്കയറ്റം മൂലം നിത്യോപയോഗ വസ്തുക്കള്‍ പോലും ഒഴിവാക്കുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. നിത്യ ചെലവിന് പോലും വഴി കണ്ടെത്താന്‍ കഴിയാതെ കഷ്ടപ്പെടുന്ന ജനതയ്ക്ക് മേല്‍ അവരുടെ അടിസ്ഥാന ആവശ്യമായ ആശയ വിനിമയത്തിന് പോലും വലിയ തുക ചെലവഴിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് മോദി സര്‍ക്കാരെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ബാങ്കിംഗ് സേവനങ്ങള്‍ ക്ഷേമ പദ്ധതികളുടെ വിനിമയം, സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ സമസ്ത വിഷയങ്ങളും അറിയാന്‍ സാധാരണക്കാര്‍ ആശ്രയിച്ചിരുന്നത് മൈബൈല്‍ ഫോണിനെയാണ്. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ താങ്ങാനാകാതെ സാധാരണക്കാര്‍ മൊബൈല്‍ സേവനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ പോലും പാവപ്പെട്ടവര്‍ക്ക് ലഭ്യമല്ലാതായി തീരുമെന്നും എം.പി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മൈബൈല്‍ കോള്‍ നിരക്ക് വര്‍ധനവ് പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

Kodikkunnil Suresh MP
Comments (0)
Add Comment