കേന്ദ്രം വാക്‌സിന്‍ നയത്തിലെ ജനദ്രോഹ നിലപാട് തിരുത്തണം, പ്രാണവായു ലഭ്യമാക്കാന്‍ ഇടപെടണം : എം.എം ഹസന്‍

Jaihind Webdesk
Saturday, April 24, 2021

തിരുവനന്തപുരം : കൊവിഡ് രണ്ടാംതരംഗത്തിന്‍റെ തീവ്രവ്യാപന സമയത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തിലെ ജനദ്രോഹ നിലപാട് മാറ്റാന്‍ തയാറാകണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ 35,000 കോടിരൂപ നീക്കിവെച്ചിരുന്നു. അതിന് പുറമെ കൊവിഡ് ഫണ്ടിനായി ആരംഭിച്ച പിഎം കെയേഴ്‌സ് നിധിയില്‍ 10,000 കോടി രൂപ സംഭാവനയായി ലഭിച്ചെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ കൊവിഡ് വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കണം. അല്ലാതെ വാക്‌സിന്‍ സംസ്ഥാനങ്ങള്‍ വിലയ്ക്ക് വാങ്ങണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഇത്തരമൊരു അവസരത്തില്‍ നിരുത്തരവാദിത്വപരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയം സംസ്ഥാനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതാണ്. ലുബ്ധത വെടിഞ്ഞ് കൊവിഡ് വാക്‌സിന്‍ കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി നല്‍കണം. വാക്‌സിനുകള്‍ക്ക് വില നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് വന്‍കിട ഔഷധ കമ്പനികളെ സഹായിക്കാനാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് കാണിക്കുന്ന ദ്രോഹനപടികള്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും എം.എം ഹസന്‍ ആവശ്യപ്പെട്ടു.

ഔക്‌സിജന്‍ ക്ഷാമം പരിഹരിക്കാനും ജനങ്ങള്‍ക്ക് പ്രാണവായു എത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണം. മഹാമാരിയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശങ്ങളല്ല, മറിച്ച് ഫലപ്രദമായ ഇടപെടലുകളാണ് ഉണ്ടാകേണ്ടതെന്നും ഹസന്‍ പറഞ്ഞു.