യുദ്ധക്കപ്പൽ രൂപകൽപനക്കായി കോഴിക്കോട് ചാലിയത്ത് ആരംഭിച്ച നിർദ്ദേശിന്‍റെ പ്രവർത്തനത്തിൽ സംഭവിച്ച അനിശ്ചിതത്വം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം.കെ രാഘവൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
പ്രതിരോധവകുപ്പിനു വേണ്ടിയുള്ള കപ്പൽ നിർമ്മാണത്തിനായി ഇന്ത്യ കൂടുതലും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിർദ്ദേശ് പൂർണമായും സജ്ജമാകുന്നതോട് കൂടി ഈ മേഖലയിലെ വിദേശ വിനിമയം കുറയ്ക്കാനാകും. ഒപ്പം തദ്ദേശീയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനും, ആഭ്യന്തര വൈദഗ്ധ്യ വികസനത്തിനും ഏറെ സഹായകരമാകുമെന്നും എം.കെ രാഘവൻ പാർലമെന്‍റിന്‍റെ ശൂന്യവേളയിൽ ചൂണ്ടിക്കാട്ടി.
അനിശ്ചിതത്വം വീണ്ടും തുടരുകയാണെങ്കിൽ സംസ്ഥാന സർക്കാർ നൽകിയ ഭൂമി തിരിച്ചെടുക്കുമെന്നതും അത് പദ്ധതിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും സൂചിപ്പിച്ചു. രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്കാകെ മുതൽ കൂട്ടാകുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായത്തിന് ക്യാബിനറ്റ് ക്ലിയറൻസ് നൽകുന്നതിന് പ്രധാനമന്ത്രിയും പ്രതിരോധ വകുപ്പ് മന്ത്രിയും പ്രത്യേകം മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.