‘വീണയെ കേന്ദ്രം സംരക്ഷിക്കുന്നു, അന്വേഷണത്തില്‍ പ്രതീക്ഷയില്ല’: മാത്യു കുഴല്‍നാടന്‍

 

തിരുവനന്തപുരം: മാസപ്പടിക്കേസിലെ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍  വീണയെ സംരക്ഷിക്കുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണക്കെതിരെ ക്കേസില്‍ പ്രളയം പോലെ തെളിവുണ്ടായിട്ടും കേന്ദ്രം ഒരു നടപടിയും എടുക്കുന്നില്ല.  കേജ്‌രിവാളിനെതിരെ ഇതിന്‍റെ മൂന്നിലൊന്ന് മാത്രം തെളിവുണ്ടായിട്ടും നടപടിയെടുത്തുവെന്നും കുഴല്‍നാടന്‍ പറഞ്ഞു. സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന്‍റെ മൊഴിയെടുത്ത സംഭവത്തില്‍ മൂവാറ്റുപുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എസ്എഫ്ഐഒ വീണയുടെ മൊഴി എടുത്തതിൽ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നില്ല. കേന്ദ്ര സർക്കാരിന്‍റെ നടപടിയും നീക്കങ്ങളും വീണയെ സഹായിക്കാനാണ്. കേന്ദ്രസർക്കാർ സത്യസന്ധമാണെങ്കിൽ ഇഡി അന്വേഷണം ഏർപ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടിഎടുത്തുവെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചപ്പോൾ എസ്എഫ്ഐഒ അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്ന് പറഞ്ഞു. ഹൈക്കോടതി വിധി പറഞ്ഞിരുന്നാൽ മുഖ്യമന്ത്രിക്ക് തിരിച്ചടിയാകുമായിരുന്നു. കേന്ദ്രം എസ്എഫ്ഐഒ അന്വേഷണം നടത്തുമെന്നു പറഞ്ഞത് കൊണ്ട് കേസിന്റെ തീവ്രത ഇല്ലാതായി. പ്രളയം പോലെ ഇത്രയേറേ തെളിവുള്ള കേസിൽ കേന്ദ്രസർക്കാർ ഇതുവരെ ഗൗരവമുള്ള ഒരു നടപടിയും എടുത്തിട്ടില്ല. എസ്എഫ്ഐഒ റിപ്പോർട്ട്‌ വീണയ്ക്ക് അനൂകൂലമായാലും പ്രതികൂലമായലും കോടതിയിൽ ചോദ്യം ചെയ്യപ്പെടും’, മാത്യു കുഴൽനാടൻ പറഞ്ഞു.

 

Comments (0)
Add Comment