കശുവണ്ടി മേഖല നേരിടുന്നത് ഗുരുതര പ്രതിസന്ധി; തൊഴിലാളികളുടെ ആവശ്യങ്ങള്‍ പാർലമെന്‍റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി

കൊല്ലം: കേരളത്തിലെ പരമ്പരാ​ഗത വ്യവസായമായ കശുവണ്ടി മേഖല നേരിടുന്നത് അതീവ ​ഗുരുതര പ്രതിസന്ധിയെന്ന് നേതാവ് രാഹുൽ ​ഗാന്ധി. മുൻപൊരിക്കലുമില്ലാത്ത വെല്ലുവിളികളാണ് കശുവണ്ടി വ്യവസായ മേഖല നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം അവതരിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജില്ലയിലെ വിവിധ കശുവണ്ടി ഫാക്ടറികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ചവറ നീണ്ടകരയിലെ ശിവാ ബീച്ച് റിസോർട്ടിൽ ആശയ വിനിമയം ന‌ടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ തൊഴിലാളികൾ ഉന്നയിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. മുൻ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ മാത്രമാണ് തൊഴിലാളികൾക്ക് ഇപ്പോഴും ലഭ്യമാകുന്നതെന്ന് സംവാദത്തിൽ പങ്കെടുത്ത തൊഴിലാളികൾ പറഞ്ഞു. ഈ മേഖലയിലെ മിക്കവാറും എല്ലാ ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. ഏഴു വർഷം മുമ്പ് പ്രഖ്യാപിച്ച വേതനമാണ് ഇപ്പോഴും നൽകുന്നത്. ഇപിഎഫ് പെൻഷൻ, ക്ഷേമ നിധി പെൻഷൻ, ഇഎസ്ഐ ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയവയൊന്നും വർഷങ്ങളായി കിട്ടുന്നില്ല. സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം പോയിട്ട് പനിക്ക് പോലും ഇഎസ്ഐകളിൽ മരുന്ന് കിട്ടാനില്ല. തൊഴിൽ ദിനങ്ങൾ കുറവായതിനാൽ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. പിഎഫ് പെൻഷൻ കൂട്ടിത്തരാൻ നടപടി വേണം. തൊഴിലാളികൾ പട്ടിണിയിലാണെന്നും അവരുടെ ദയനീയമായ അവസ്ഥ പരിഹരിക്കാൻ ഇ‌പെ‌ടണമെന്നും അവർ രാഹുൽ ​ഗാന്ധിയോട് അഭ്യർത്ഥിച്ചു.

ഫാക്ടറികൾ കൂടുതൽ ദിവസം തുറന്നു പ്രവർത്തിക്കുകയും തൊഴിലാളികൾക്കു കൂടുതൽ വരുമാനമുണ്ടാകാൻ അവസരം നൽകണമെന്നും തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. 2008ന് ശേഷം ക്ഷേമ പദ്ധതികൾ പലതും മുടങ്ങിയെന്നും ഇഎസ്ഐ അടക്കമുള്ള മുഴുവൻ ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ ഇല്ലാതാക്കിയെന്നും ചർച്ചയില്‍ പങ്കെടുത്ത തൊഴിലാളികള്‍ കുറ്റപ്പെടുത്തി. അടഞ്ഞു കി‌ടക്കുന്ന മുഴുവൻ ഫാക്റ്ററികളും ഉടൻ തുറക്കണമെന്നും ആവശ്യമുയർന്നു. ആറ് ദിവസം ജോലി ചെയ്താൽ മൂന്നു ദിവസത്തെ ഹാജരാണ് രേഖപ്പെടുത്തുന്നത്. വർഷത്തിൽ പരമാവധി 40-42 തൊഴിൽ ദിനങ്ങളാണ് ഈ മേഖലയിലുള്ളത്. എന്നാൽ ഇപിഎഫ് പെൻഷന‌ടക്കുള്ള ആനുകൂല്യങ്ങൾക്ക് 3650 ദിവസത്തെ ഹാജർ നിർബന്ധമാണ്. ഫാക്ടറികൾ തുറക്കാതെ ഇത്രയുമധികം തൊഴിൽ ദിനങ്ങൾ കിട്ടില്ല. ഈ മുടന്തൻ ന്യായം ചൂണ്ടിക്കാട്ടിയാണ് കശുവണ്ടി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതെന്നും തൊഴിലാളികള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തൊഴിലാളികൾ ഉന്നയിക്കുന്ന മുഴുവൻ ആവശ്യങ്ങളും ന്യായമാണെന്ന് രാഹുൽ ​ഗാന്ധി മറുപടി പറഞ്ഞു. അടുത്തു ചേരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയങ്ങളെല്ലാം ഉന്നയിക്കും. ഇപിഎഫ് അടക്കമുള്ള കേന്ദ്ര വിഷയങ്ങൾക്ക് പാർലമെന്‍റിലും സംസ്ഥാന വിഷയങ്ങൾക്ക് കേരള നിയമസഭയിലും യുഡിഎഫ് പോരാടും. അത് നടപ്പാക്കുന്നതു വരെ ഇരു സഭകളിലും പുറത്തും പ്രക്ഷോഭം കടുപ്പിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എൻ.കെ പ്രേമചന്ദ്രൻ എംപി, യാത്രയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, പി.സി വിഷ്ണുനാഥ് എംഎൽഎ, വി.ടി ബൽറാം, ആർ ചന്ദ്രശേഖരൻ, അഡ്വ. കെ ബേബിസൺ, എൽ.കെ ശ്രീദേവി തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പം ചർച്ചയില്‍ പങ്കുചേർന്നു.

Comments (0)
Add Comment