ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. കേസ് തള്ളണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതി തള്ളി. കേസില്‍ തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എന്നിവരാണ് പ്രതികള്‍.
കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ചാണ് കോടതിയില്‍ റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മര്‍ദിച്ചതിന് തെളിവില്ലെന്നും ആയിരുന്നു ക്രൈം ബ്രാഞ്ചിന്റെ വിചിത്ര വാദം. എന്നാല്‍, തെളിവുണ്ടെന്നും ഇത് സംബന്ധിച്ച രേഖകള്‍ മുദ്രവെച്ച പെന്‍ഡ്രൈവില്‍ അന്വേഷണ സംഘത്തിന് കൈമാറിയതാണെന്നും ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ വാദം.
ഈ വാദം പരിഗണിച്ച കോടതി തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15നാണ് അജയ് ജുവല്‍ കുര്യാക്കോസിനെയും എ ഡി തോമസിനെയും സുരക്ഷാജീവനക്കാര്‍ വളഞ്ഞിട്ടുതല്ലിയത്.