കൂട്ടിക്കലില്‍ 9 പേരുടെ മൃതദേഹം കണ്ടെത്തി; കൊക്കയാറില്‍ കാണാതായ 8 പേർക്കായി തെരച്ചില്‍ തുടരുന്നു

Jaihind Webdesk
Sunday, October 17, 2021

 

ഇടുക്കി/കോട്ടയം: ഉരുള്‍പൊട്ടലില്‍ കൂട്ടിക്കലിലും കൊക്കയാറിലുമായി കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. 19 പേരെയാണ് കനത്ത മഴയെ തുടർന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായത്. അതേസമയം കാണാതായവരുടെ കണക്ക് സംബന്ധിച്ച് അവ്യക്തതയുണ്ട്. കൂട്ടിക്കലില്‍ 9 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കോട്ടയം കൂട്ടിക്കലില്‍ നിന്ന്  9 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 11 പേരെയാണ് ഇവിടെ നിന്ന് കാണാതായത്. അതേസമയം ഇന്ന് കണ്ടെടുത്ത ഷാലറ്റിന്‍റെ മൃതദേഹം കൂട്ടിക്കലില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ ഉള്‍പ്പെട്ടതല്ല.

ഇടുക്കിയിലെ കൊക്കയാറിൽ മണ്ണിനടിയിൽപ്പെട്ട 8 പേർക്കായി തെരച്ചില്‍ തുടരുകയാണ്. കുഞ്ഞിന്‍റേതുള്‍പ്പെടെ 4 മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫയർ ഫോഴ്‌സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങളും നാട്ടുകാരുമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. ഡീൻ കുര്യാക്കോസ് എം.പി.യും ഡിസിസി പ്രസിഡൻ്റ് സി.പി.മാത്യുവും ഇന്നലെ വൈകിട്ട് തന്നെ അതിസാഹസികമായി കൊക്കയാറിൽ എത്തിയിരുന്നു. ഡീന്‍ കുര്യാക്കോസ് എംപിയുടെ ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീമും തെരച്ചിലിനായി എത്തിയിട്ടുണ്ട്. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും എത്തിയിട്ടുണ്ട്.

കൂട്ടിക്കലില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ. മേജർ അഭിൻ കെ പോളിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ കരസേന സംഘത്തിന്‍റെ നേതൃത്വത്തിലാണ് കൂട്ടിക്കലിൽ രക്ഷാപ്രവർത്തനം നടത്തുക. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളിയിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

കൂട്ടിക്കലില്‍ നിന്ന് ലഭിച്ച 9 മൃതദേഹങ്ങളിൽ തിരിച്ചറിഞ്ഞത്:

കവാലി

16.10.2021

1.ക്ലാരമ്മ ജോസഫ് (65)
2.സിനി (35)
3.സോന (10)

17.10.2021

പ്ലാപ്പള്ളിൽ

4.റോഷ്നി (48)
5.സരസമ്മ മോഹനൻ (57)
6.സോണിയ (46)
7.അലൻ (14)

കവാലി

8. മാർട്ടിൻ
9. ഒരു സ്ത്രീയുടെ പേരുവിവരം സ്ഥിരീകരിച്ചിട്ടില്ല