ബിജെപി പ്രകടന പത്രിക ഒറ്റയാന്‍റെ ശബ്ദം; ദീര്‍ഘവീക്ഷണമില്ലാത്തതും നിഷേധാത്മകവുമെന്നും രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, April 9, 2019

കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ചര്‍ച്ചകളിലൂടെ നിര്‍മ്മിക്കപ്പെട്ടതാണെന്നും അത് കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ വിവേകമുള്ളതും ശക്തവുമായ ശബ്ദമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . അതേസമയം, ബിജെപി പ്രകടന പത്രിക അടച്ചമുറിയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നും മാറ്റിനിര്‍ത്തപ്പെട്ട ഒരു ഒറ്റയാന്‍റെ ദീര്‍ഘവീക്ഷണമില്ലാത്തതും നിഷേധാത്മകവുമായ ശബ്ദമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

തുറന്ന ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും കോണ്‍ഗ്രസ് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മനസ്സറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ദീര്‍ഘവീക്ഷണത്തോടെ പ്രകടന പത്രിക രൂപപ്പെടുത്തി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് പ്രതിവർഷം 72,000 രൂപ ഉറപ്പ് നൽകുന്ന ‘ന്യായ്’ പദ്ധതിയാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ശ്രദ്ധേയ വാഗ്ദാനം.   എല്ലാവര്‍ക്കും നീതി ലഭ്യമാക്കുവാന്‍ ന്യായ് പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുമ്പോള്‍, ഇടുങ്ങിയ ചിന്താഗതിയുമായി ഉണ്ടാക്കിയ പ്രകടനപത്രികയാണ് ബിജെപിയുടേതെന്ന് രാഹുല്‍ കുറ്റപ്പെടുത്തുന്നു.  വികസനം, തൊഴിൽ , കർഷകക്ഷേമം, സൈനിക ക്ഷേമം, ദേശസുരക്ഷ, സദ്ഭരണം, സ്ത്രീസുരക്ഷ എന്നിങ്ങനെ രാജ്യത്തിന് ആവശ്യമായ എല്ലാ മേഖലകളും  കോൺഗ്രസ് പത്രികയില്‍ പരിഗണിച്ചിരിക്കുന്നു.  കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ബാധിക്കുന്ന ഒരുതരത്തിലുള്ള പ്രശ്നങ്ങളെയും പരാമര്‍ശിക്കാതെ പേര് സൂചിപ്പിക്കുന്നത് പോലെ നടപ്പാക്കാനല്ലാതെ സങ്കല്‍പങ്ങളില്‍ മാത്രം കാണാനുള്ള പ്രകടന പത്രികയാണ് ബിജെപിയുടേതെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉണ്ട്.