ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ച സര്‍ക്കാര്‍ ഏറ്റവും വലിയ കുറ്റക്കാര്‍; ശക്തമായ നടപടി വേണം, രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: നാലര വർഷമായി ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച ഗവൺമെന്‍റാണ് ഏറ്റവും വലിയ കുറ്റക്കാരെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ടിനുള്ളിലെ ഗുരുതരമായ കാര്യങ്ങൾ എന്തിനാണ് മറച്ചുവെച്ചതെന്ന് ചെന്നിത്തല ചോദിച്ചു. സ്ത്രീ പീഡനങ്ങളിലും പോക്സോ കേസുകളിലും അടിയന്തര നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും  റിപ്പോർട്ട് കിട്ടിയ സമയത്ത് അത്തരം നിയമ നടപടികൾ സർക്കാർ സ്വീകരിക്കണമായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഹിതകരമായ നടപടികൾ സ്വീകരിച്ച കേസെടുത്ത് മുന്നോട്ടു പോവുകയാണ് വേണ്ടത്. ആരെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരം നടപടി സ്വീകരിച്ചതെന്ന് പുറത്ത് വരണം. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ ഇതിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Comments (0)
Add Comment