അവിഹിതത്തില്‍ തുടങ്ങി കൊലപാതകത്തിലേക്ക്!!! പ്രിയങ്ക നായികയാകുന്ന ഷോര്‍ട്ട് ഫിലിം ഇന്നിന്റെ നേര്‍ക്കാഴ്ച്ചയാകുന്നു

Jaihind Webdesk
Tuesday, October 22, 2019

‘ദി ബെറ്റര്‍ ഹാഫ്’ പറയുന്നത് സമകാലിക കുടുംബ -സാമൂഹിക അവസ്ഥയെയാണ്. ബന്ധങ്ങളുടെ അസാധാരണത്വങ്ങള്‍ കൊലപാതകത്തിലേക്ക് നീങ്ങുന്നതിന്റെ നേര്‍ക്കാഴ്ച്ചയാകുകയാണ് ഈ ഷോര്‍ട്ട് ഫിലിം. കുടുംബമായി ജീവിക്കുന്ന രണ്ടുപേരുടെ അവിഹിത ബന്ധം കൊലപാതങ്ങളിലേക്ക് നയിക്കുന്ന വാര്‍ത്തകളാണ് ദിനംതോറും പുറത്തുവരുന്നത്. ആ ഒരു സാഹചര്യത്തിലാണ് ഈ ഷോര്‍ട്ട് ഫിലിം പ്രസക്തമാകുന്നതും. വിവാഹേതര ബന്ധവും ആ ബന്ധം രണ്ട് കുടുംബങ്ങളെ എങ്ങനെ തുടച്ചുനീക്കുന്നുവെന്നതുമാണ് ‘ദി ബെറ്റര്‍ ഹാഫ്’ കൈകാര്യം ചെയ്യുന്നത്.

ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച ഈ ഹ്രസ്വ ചിത്രം നിരവധി ഹ്രസ്വ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ആറ് മണിക്കൂറുകള്‍ കൊണ്ട് നിര്‍മ്മിച്ച ചിത്രത്തിന് സംഭാഷണങ്ങള്‍ ഇല്ലായെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. പശ്ചാത്തല സംഗീതം മാത്രമായി 10 മിനിറ്റിനുള്ളില്‍ അവസാനിക്കുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ ചലച്ചിത്ര താരങ്ങളായ പ്രിയങ്ക നായരും അനീഷ് റഹ്മാനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിനൊടുവില്‍ ഇത്തരത്തില്‍ നടന്ന സംഭവങ്ങളുടെ വാര്‍ത്തകളും ഉള്‍പ്പെടുത്തിയിരിക്കുന്നു .

തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമന്‍ കഥയെഴുതി നിര്‍മ്മിച്ച ഈ ഹ്രസ്വ ചിത്രം വിഷ്ണുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകനായ മിഥുന്‍ മുരളിയാണ് പശ്ചാത്തല സംഗീതം. പ്രശാന്ത് ദീപു, ലിജു എന്നിവര്‍ ചേര്‍ന്ന് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് മിഥുനും, എഫ്ഫക്‌റ്‌സ് വിപിനും ഡിസൈനിങ് ഷൈനും ചെയ്തിരിക്കുന്നു.