എം.ശിവശങ്കർ ചോദ്യംചെയ്യലിനായി ഇ.ഡിക്ക് മുമ്പില്‍ ; 23 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Jaihind News Bureau
Thursday, October 15, 2020

 

കൊച്ചി : സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.  ഈ മാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞത്. ശിവശങ്കറിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഉത്തരവ്. അറസ്റ്റ് തടഞ്ഞെങ്കിലും ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി. അതിനിടെ ചോദ്യംചെയ്യലിനായി ശിവശങ്കർ  കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായി.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. മാധ്യമസമ്മര്‍ദ്ദം മൂലം അന്വേഷണ ഏജന്‍സി തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയാണെന്നാണ് ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ആരോപിച്ചത്. എന്നാല്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കേസില്‍ 23ന് മുമ്പായി റിപ്പോര്‍ട്ട് നല്‍കാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി.
താനും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും  തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ കേസിലെ തെളിവായി ഇ.ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. യുഎഇ ഭരണാധികാരി സ്വപ്നയ്ക്ക് നല്‍കിയ പണം ലോക്കറില്‍വെക്കാന്‍ സ്വപ്ന തന്നെയാണ് തന്‍റെ സഹായം തേടിയത്. ഇക്കാര്യമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്രുമായി സംസാരിച്ചത്. എന്നാല്‍ ഇതിനെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ശിവശങ്കറിന്‍റെ വാദം.