പി.കെ ബിജുവിന്‍റെ ഭാര്യയുടെ നിയമനവും വിവാദത്തില്‍ ; പ്രബന്ധത്തിലെ ഡാറ്റ പകർത്തിയത്, പരാതി

Jaihind Webdesk
Sunday, April 18, 2021

 

കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിൽ സിപിഎമ്മിന്‍റെ മുന്‍ എം.പി പി.കെ ബിജുവിന്‍റെ ഭാര്യയുടേത് ഡാറ്റാ തട്ടിപ്പ് നടത്തി തയാറാക്കിയ ഗവേഷണപ്രബന്ധമെന്ന് പരാതി. ഡാറ്റയിലെ സാദൃശ്യം കണ്ടെത്തിയത് അന്തർദേശീയ പ്രസിദ്ധിയാർജിച്ച പബ്പീർ വെബ്സൈറ്റ് എന്നും പരാതിയിൽ ചൂണ്ടി കാട്ടുന്നു. നിയമനം റദ്ദാക്കണമെന്നും ഡാറ്റാ തട്ടിപ്പ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും യുജിസി ചെയർമാനും കേരള സർവകലാശാല വിസിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി നിവേദനം നൽകി.

മുന്‍ എം.പി പി.കെ ബിജുവിന്‍റെ ഭാര്യ ഡോ. വിജി വിജയന് കേരള സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം ലഭിക്കാൻ സമ ർപ്പിച്ച ഗവേഷണ പ്രബന്ധങ്ങൾ ഡാറ്റാ തട്ടിപ്പ് നടത്തി തയാറാക്കിയതാണെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. കേരള സർവകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണ് ബിജുവിന്‍റെ ഭാര്യ ഡോ. വിജി വിജയന് അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമനം നൽകിയത്. 2013 ൽ സംവരണ തസ്തികയിലേക്ക് നടന്ന നിയമനത്തിന് 18 അപേക്ഷകർ മാത്രമാണ് ഉണ്ടായിരുന്നിട്ടും ബിജുവിന്‍റെ ഭാര്യ നിയമനത്തിന് അർഹയായില്ല. എന്നാൽ 2020 ൽ അപേക്ഷിച്ച 140 ഓളം പേരിൽ നിന്നാണ് ഓപ്പൺ തസ്തികയിൽ ഒന്നാം റാങ്ക് ലഭിച്ചത്. ഉന്നത യോഗ്യതകളുള്ള നിരവധി ഉദ്യോഗാർത്ഥികളെ ഒഴിവാക്കി ബിജുവിന്‍റെ ഭാര്യക്ക് നിയമനം നൽകിയതായ പരാതി നേരത്തെ ഉയർന്നിരുന്നു. അപേക്ഷയോടൊപ്പം സമർപ്പിച്ച വിവാദ ഗവേഷണ പ്രബന്ധങ്ങൾക്ക് ലഭിച്ച മാർക്കിന്‍റെകൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നൽകിയതെന്നും പരാതിയിൽ പറയുന്നു. അന്തർദ്ദേശീയതലത്തിൽ പ്രസിദ്ധിയാർജ്ജിച്ച പബ്പീർ (Pubpeer) വെബ്സൈറ്റാണ് ഡാറ്റയിലെ സാദൃശ്യം കണ്ടെത്തിയിട്ടുള്ളത്.

ഡാറ്റാ തട്ടിപ്പുനടത്തിയയാളെ യൂണിവേഴ്സിറ്റി അധ്യാപികയായി നിയമിക്കുന്നത് സർവകലാശാലയുടെ യശസിനെ കളങ്കപ്പെടുത്തുമെന്നും നിർലജ്ജമായ ഇത്തരം തട്ടിപ്പ് നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അധ്യാപക നിയമനം റദ്ദാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരകേന്ദ്രങ്ങളിൽ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ഡാറ്റാ തട്ടിപ്പ് പരിശോധിക്കാൻ ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രബന്ധങ്ങളിൽ പകർത്തി എഴുത്ത് നടത്തുന്നത് സംബന്ധിച്ച പരാതികൾ നിരവധിയുണ്ടാകാറുണ്ടെങ്കിലും ഡാറ്റാ തട്ടിപ്പ് നടത്തി നിയമനം നേടിയതായ പരാതി കേരള സർവകലാശാലയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്.