കേരള ഹൗസിലെ നിയമനം വിഎസിന്‍റെ കത്തുകൂടി പരിഗണിച്ച് ; ഉന്നതനിയമനങ്ങളെ വെള്ളപൂശാനുള്ള ശ്രമം വിലപ്പോകില്ല : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, February 9, 2021

 

തിരുവനന്തപുരം :  ഡല്‍ഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നതപദവികളില്‍ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ളപൂശാനുള്ള ഇടതുസര്‍ക്കാരിന്‍റെ  ശ്രമം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ല്‍ കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത്. കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടതല്ല. റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡനര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍ ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കല്‍ റിക്രൂട്ട്‌മെന്‍റ് പ്രകാരമുള്ള ഈ നിയമനത്തില്‍ ഹിന്ദിക്കാര്‍ ഉള്‍പ്പെടെയുണ്ട്. ഡല്‍ഹി എകെജി സെന്‍ററില്‍ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്‍റെ ഭാര്യ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും ആളുകളുണ്ട്. ഇഎംഎസ് സര്‍ക്കാരിന്‍റെ കാലം മുതല്‍ ലോക്കല്‍ റിക്രൂട്ട്‌മെന്‍റാണ് കേരള ഹൗസില്‍ നടന്നിട്ടുള്ളത്.

സ്‌പെഷല്‍ റൂള്‍സ് നിലവില്‍ വന്നശേഷവും ലോക്കല്‍ റിക്രൂട്ട്‌മെന്‍റിന്‍റെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് 5 പേരെ നിയമിച്ചു കഴിഞ്ഞു. 20 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. കേരള ഹൗസിലെ ഉയര്‍ന്ന തസ്തികകളിലുള്ള നിയമനം പി.എസ്.സി വഴിയാണ്. അവര്‍ ഡല്‍ഹിയില്‍ ഡെപ്യുട്ടേഷനിലാണ് എത്തുന്നത്. ഈ തസ്തികകളില്‍ പിഎസ്‌സിക്കു പുറത്ത് മറ്റൊരു നിയമനവും ഇതുവരെ നടന്നിട്ടില്ല.

ലാസ്റ്റ് ഗ്രേഡ് പോസ്റ്റുകളില്‍ കേരളത്തില്‍ നിന്നു നിയമനം നടത്തിയാല്‍ അവര്‍ ഒരിക്കലും ഡല്‍ഹിയില്‍ ജോലിയില്‍ തുടരില്ല. കേരളത്തിലെ ചില ജില്ലകളില്‍ പോലും സര്‍ക്കാര്‍ ജീവനക്കാരുടെ അഭാവം പ്രകടമാണ്. അതുകൊണ്ടാണ് കേരള ഹൗസില്‍ ലോക്കല്‍ റിക്രൂട്ട്‌മെന്‍റിലൂടെ എക്കാലവും നിയമനം നടന്നിട്ടുള്ളത്. ഇപ്പോള്‍ പാര്‍ട്ടിക്കാരെ പി.എസ്.സി തസ്തിക ഉള്‍പ്പെടെയുള്ള ഉന്നതപദവികളില്‍ കൂട്ടത്തോടെ നിയമിക്കുന്നതും ഡല്‍ഹിയില്‍ നടന്ന ലാസ്റ്റ് ഗ്രേഡുകാരുടെ നിയമനവും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.