കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി


കൊച്ചി: കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് എമര്‍ജെന്‍സി ലാന്‍ഡിങിലൂടെ സുരക്ഷിതമായി കൊച്ചിയില്‍ തിരിച്ചിറക്കി. ടയറിന്റെ ഔട്ടര്‍ ലെയര്‍ ഭാഗം റണ്‍വേയില്‍ കണ്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ച് വിളിച്ചത്. അരമണിക്കൂറിലധികം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ 12.30ഓടെയാണ് വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്.

104 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എമര്‍ജെന്‍സി ലാന്‍ഡിങിനായി വിമാനത്താവളത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. വിമാനത്തിന്റെ ഇന്ധനം കുറയ്ക്കുന്നതിനായി നെടുമ്പാശ്ശേരി പരിസരത്ത് വിമാനം പലതവണ വട്ടമിട്ട് പറന്നു. ജ്വലന സാധ്യത പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ധനം കുറയ്ക്കുന്നതിനായി വിമാനം പലതവണ പറന്നത്. വിമാനത്തിന്റെ പറക്കലിനെ ബാധിക്കുന്ന സാങ്കേതിക പ്രശ്‌നം വിമാനത്തിനില്ലെങ്കിലും ടയറിന്റെ ഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനം തിരിച്ചിറക്കിയശേഷം വിദഗ്ധ സംഘം വിമാനത്തിന്റെ ടയറുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. സുരക്ഷ പരിശോധനക്കുശേഷമായിരിക്കും തുടര്‍ യാത്ര സംബന്ധിച്ച് തീരുമാനിക്കുകയെന്നാണ് വിവരം.

Comments (0)
Add Comment