എസ്.എഫ്.ഐ മാർച്ചിൽ വധശ്രമക്കേസിലെ മുഖ്യപ്രതി റിയാസ് പങ്കെടുത്തിട്ടും പിടികൂടാതെ പോലീസ്. പോലീസിനെ അക്രമിച്ച കേസിലും റിയാസ് പ്രതിയാണ്. മാർച്ചുമായി ബന്ധപ്പെട്ട് പോലീസുമായി ചർച്ചകൾ നടത്തിയതും റിയാസിന്‍റെ നേതൃത്വത്തിൽ. റിയാസിനെ പിടികൂടാത്തത് സി.പി.എമ്മിൽ നിന്നുള്ള സമ്മർദ്ദം മൂലമെന്നും ആക്ഷേപം.
യൂണിവേഴ്സിറ്റി കോളേജിലേക്ക് പ്രിൻസിപ്പലിനെ കാണണമെന്ന ആവശ്യവുമായി എത്തിയ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്ത് ഉൾപ്പെടെയുള്ളവരെ അക്രമിച്ച കേസിലെ മുഖ്യ പ്രതിയാണ് റിയാസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം വധശ്രമത്തിനാണ് റിയാസിനെതിരെ കേസ് എടുത്തത്. ഇതിന് മുൻപ് പോലീസിനെ അക്രമിച്ച കേസിലും റിയാസ് പ്രതിയാണ് . എന്നാൽ എസ്.എഫ്.ഐ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിന് നേതൃത്വം നൽകിയിട്ടും റിയാസിനെ പിടികൂടാതെ പോലീസ് ഒത്തു കളിക്കുകയാണ്.
വധശ്രമക്കേസിലെ മുഖ്യ പ്രതിയെ പിടികൂടാതെ തിടുക്കപ്പെട്ട് വനിതകളുൾപ്പെടെ 8 കെ.എസ്.യു പ്രവർത്തകർക്കെതിരെ കള്ള കേസെടുത്തതും. 3 കെ.എസ്.യു നേതാക്കളെ അറസ്റ്റ് ചെയ്തതും പോലീസിന്‍റെ നാടകത്തിന്‍റെ ഭാഗമാണെന്ന ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതാണ് റിയാസിനെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിന്‍റെ അമാന്തം.
അതേ സമയം റിയാസിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ സി.പി.എമ്മിന്റെ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദമാണെന്നാണ് ആക്ഷേപം.