ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതി പോലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു

Jaihind Webdesk
Saturday, January 29, 2022

 

കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് 6 കുട്ടികളെ കാണാതായ സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് ചേവായൂർ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. വസ്ത്രം മാറി പുറത്തേക്കിറങ്ങുന്നതിനിടെ സ്റ്റേഷന്‍റെ പിന്നില്‍ക്കൂടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്.

നേരത്തെ യുവാക്കൾക്ക് എതിരെ പോലീസ് കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. കുട്ടികളുടെ രഹസ്യ മൊഴി കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ രേഖപ്പെടുത്തി. ബംഗളുരുവിലേക്കുള്ള യാത്രക്കിടെയാണ് കൊല്ലം, കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളെ പരിചയപ്പെട്ടത് എന്നാണ് പെൺകുട്ടികൾ പോലീസിന് മൊഴി നൽകിയത്. സഹായം വാഗ്ദാനം ചെയ്താണ് പീഡനത്തിന് ശ്രമിച്ചത് എന്നും മൊഴിയിലുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പോക്സോ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി യുവാക്കൾക്ക് എതിരെ പോലീസ് കേസ് എടുത്തത്.യുവാക്കളാണ് കുട്ടികൾക്ക് മുറി എടുത്തു നൽകിത്. സാമ്പത്തിക സഹായം നൽകിയത് സംഘത്തിലെ ഒരു പെൺകുട്ടിയുടെ സുഹൃത്ത് ആണെന്നും കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണർ പറഞ്ഞു.

ചിൽഡ്രൻസ് ഹോമിലെ സാഹചര്യം മോശമായിരുന്നു എന്നും മാനസിക പീഡനം ഉണ്ടായിരുന്നതായും തിരികെ ചിൽഡ്രൻസ് ഹോമിലേക്ക് പോകാൻ താല്‍പര്യമില്ലെന്നും കുട്ടികൾ പോലീസിനോട് പറഞ്ഞു. ഒരു കുട്ടിയുടെ വീട്ടുകാർ തിരികെ കൊണ്ട് പോകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയ മലപ്പുറം എടക്കര സ്വദേശിയെ പോലീസ് ചോദ്യം ചെയ്യും. മറ്റ് സഹായങ്ങൾ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.