മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ എന്‍ഡിഎയ്ക്ക് തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലുമായി സഖ്യകക്ഷി നേതാവ്. എൻസിപി അജിത് പവാർ വിഭാഗം നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബലാണ് 400 സീറ്റ് എന്ന ബിജെപി പ്രചാരണം തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയത്. ബിജെപിയുടെ പ്രചാരണം ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയെന്നും മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്‍റെ വിജയത്തെ ബാധിക്കുമെന്നും ഛഗൻ ഭുജ്ബൽ പറഞ്ഞു.
പാർട്ടി യോഗത്തിന് പിന്നാലെയാണ് വിലയിരുത്തലും വിമർശനവും ഉയർന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗത്തിനു 4 സീറ്റുകൾ മാത്രമാണ് ബിജെപി നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 80-ൽ അധികം സീറ്റുകൾ ആവശ്യപ്പെടാനും അജിത് പവാർ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും എൻസിപി ശരദ് പവാർ വിഭാഗത്തിനും അനുകൂല തരംഗമുണ്ടാകുമെന്ന വിലയിരുത്തലിനിടെയാണ് എന്‍ഡിഎ സഖ്യകക്ഷിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.